
കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. വൈകിട്ട് മൂന്നുമണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധസംഗമം നടത്തും.
കെസി വേണുഗോപാൽ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പല സ്ഥലത്തും പ്രതിഷേധം തുടർന്നു. പലയിടത്തും ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നീക്കിയത്.
വിവിധ ജില്ലകളിൽ നടന്ന കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടത്തും ദേശീയ പാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിന് ശേഷമാണ് പിന്തിരിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലസ്ഥാനത്ത് ഷാഫിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷമുണ്ടായി. പിന്നാലെ ലാത്തിചാർജ്. കൊല്ലത്തും രാത്രി ഏറെ വൈകി പ്രവർത്തകർ പ്രകടനും ഉപരോധങ്ങളും നടത്തി. ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു.
കരുനാഗപ്പള്ളിയിൽ ഹൈവെ ഉപരോധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ആലപ്പുഴയിൽ രാത്രി പത്തോളം പ്രവർത്തകർ പ്രതിഷേധവുമായി ദേശീയ പാതയിലേക്കെത്തി. കളർകോട് ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി.
ആലപ്പുഴ ഹൈവേ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു. സമരം ഒരു മണിക്കൂറോളം നീണ്ടു. പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി.
എറണാകുളത്ത് കളമശ്ശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
എറണാകുളം നഗരത്തിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പെരുമ്പാവൂരിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. തൊടുപുഴയിലും പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങി
. തൃശ്ശൂരിൽ പ്രവത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പാലക്കാട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നത്. വയനാട്ടിലെ മാനന്തവാടിയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.