
അമ്പലപ്പുഴ: വയോധികന്റെ ശ്വാസനാളത്തില്‍ കുടുങ്ങിയ താക്കോല്‍ ബ്രോങ്കോ സ്കോപ്പി പരിശോധനയിലൂടെ പുറത്തെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാര്‍. ഹരിപ്പാട് ലക്ഷ്മി ഭവനത്തില്‍ ചെല്ലപ്പന് പിള്ള (77) യുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ താക്കോലാണ് രണ്ട് മണിക്കൂര്‍ നീണ്ട ബ്രോങ്കോ സ്കോപ്പി വഴി പുറത്തെടുത്തത്. ചൊവ്വാഴ്ച വീട്ടില്‍ ബോധമറ്റു വീണ ചെല്ലപ്പന് പിള്ളയെ വീട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏറെ നേരം ശ്വാസതടസവും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ എക്സ്റേ പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് താക്കോല്‍ ശ്വാസ നാളത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ മറ്റ് ആരോഗ്യപരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയ ചെല്ലപ്പന് പിള്ളയെ ബുധനാഴ്ച ബ്രോങ്കോ സ്കോപ്പിക്ക് വിധേയനാക്കുക യായിരുന്നു. എന്നാല്‍ താക്കോല്‍ എങ്ങനെ ഉള്ളില്‍ പോയെന്ന് അറിയില്ലന്ന് ചെല്ലപ്പന് പിള്ള പറഞ്ഞു. പുറത്തെടുത്ത താക്കോല്‍ അടുത്ത ദിവസങ്ങളില്‍ ഉള്ളില്‍ പോയതല്ലന്നും മാസങ്ങളുടെ പഴക്കമുണ്ടന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ ഷഫീക്ക്, വാസ്കുലര്‍ സര്ജന് ഡോ ആനന്ദക്കുട്ടന്, അനസ്തേഷ്യ വിഭാഗം പ്രഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ എ ഹരികുമാര്‍, അനസ്തേഷ്യ വിഭാഗം പ്രാഫസര്‍ ഡോ വിമല്‍പ്രദീപ്, ജൂനിയര്‍ റസിഡന്റ് ഡോ ജോജി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് താക്കോല്‍ പുറത്തെടുത്തത്. ആരോഗ്യ നില തൃപ്തികരമായതിനാല് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.