
കൊച്ചി: കൊച്ചി കായലിന് മീതെ നിര്‍മിച്ച വാട്ടര്‍മെട്രോയുടെ ആദ്യ ടെര്മിലുകളായ മട്ടാഞ്ചേരി, വെല്ലിംഗ്ടണ്‍ ഐലൻഡ് ടെര്‍മിനലുകളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
പൈതൃക മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ മറ്റ് നിര്‍മിതികള്‍ക്ക് നാശനഷ്ടം സംഭവിക്കാതിരിക്കാനും എക്കല്‍ മൂലമുള്ള പ്രശ്നവും വേലിയേറ്റ ഇറക്കവും സര്‍വീസിനെ ബാധിക്കാതിരിക്കാനും നിര്‍മിച്ച ടെര്മിലുകളാണ് ഇവ.
ഡച്ച് കൊട്ടാരം, ജൂത സിനഗോഗ് തുടങ്ങിയ ചരിത്ര പൈതൃക കെട്ടിടങ്ങള്‍ക്കിടയിലാണ് മട്ടാഞ്ചേരി ടെര്‍മിനല്‍. പ്രദേശത്തിന്റെ പൈതൃക സ്വഭാവത്തിനനുസൃതമായതാണ് ടെര്‍മിനലിന്റെ വാസ്തുവിദ്യയും രൂപഘടനയും. സീലിംഗിലും ചുമരിലും ജനാലകളിലും മണ്ണിന്റെ നിറവും തടിയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ലൈറ്റുകള്‍ സ്ഥാപിച്ചതില്‍ വരെ ഈ പ്രത്യേകതകള്‍ കാണാം. ടെര്‍മിനല്‍ മേല്‍ക്കൂരയില്‍ നിറമുള്ള ഗ്ലാസ് പാനലുകള്‍ കാണാം, സീലിംഗില്‍ കേരളത്തിലെ ഷിപ്പിംഗിന്റെ പരിണാമത്തെ ചിത്രീകരിക്കുന്ന കലാസൃഷ്ടികളുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കായല്‍ കാഴചകള്‍ ആസ്വദിക്കാന്‍ ടെര്‍മിനലിന്റെ പുറത്ത് ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ടെര്‍മിനലിലുണ്ട്. ബോട്ട് ചാര്‍ജിംഗ് പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഹൈക്കോര്‍ട്ട്, വെല്ലിംഗ്ടണ്‍ ഐലൻഡ് മട്ടാഞ്ചേരി റൂട്ടില്‍ സര്‍ക്കുലര്‍ സര്‍വീസായാണ് ബോട്ട് ഓടിക്കുക.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, ഹൈബി ഈഡന് എംപി, എംഎല്‍എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ് തുടങ്ങിയവര്‍ പ്രസംഗിക്കും. 38 കോടി രൂപ ചെലവിലാണ് രണ്ട് ടെര്‍മിനലുകളും നിര്‍മിച്ചത്. ഇതോടെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ എണ്ണം 12 ആയി. മൂന്ന് ടെര്‍മിനലുകളുടെ നിര്‍മാണം നടന്നുവരികയാണ്. മൂന്ന് ടെര്‍മിനലുകള്‍ ടെൻഡര്‍ ഘട്ടത്തിലുമാണ്