‘സുഹൃത്തിന് ജോലി, പെൺകുട്ടിക്ക് എംബിബിഎസ് സീറ്റ്’; ഐആർഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് 36 ലക്ഷത്തോളം തട്ടിയ യുവാവ് അറസ്റ്റിൽ; പിടിയിലായത് മണക്കാട് സ്വദേശി; കേസിൽ കൂട്ടുപ്രതികൾ ഉണ്ടോയെന്നും അന്വേഷണം

Spread the love

തിരുവനന്തപുരം: ഐആർഎസ് ഉദ്യോഗസ്ഥന്‍റെ പേരിൽ വ്യാജ ഐഡി കാർഡുണ്ടാക്കി തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. മണക്കാട് സ്വദേശി അഖിലിനെ (28)യാണ് തിരുവല്ലം പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സഹപാഠിയിൽ നിന്ന്, താൻ ഡെപ്യൂട്ടി കമ്മീഷണറാണെന്നും ജോലി വാങ്ങിത്തരാമെന്നും വാഗ്ദാനം നൽകി ഫെബ്രുവരി രണ്ട് വരെ വിവിധ ഘട്ടങ്ങളായി 20,68,910 രൂപ അഖിൽ തട്ടിയെടുത്തത്. കൂടാതെ, പാച്ചല്ലൂർ സ്വദേശിനിയായ താമസിച്ചിരുന്ന പെൺകുട്ടിക്ക് എംബിബിഎസ് അഡ്മിഷൻ വാങ്ങി നൽകാമെന്നു പറഞ്ഞ് 16 ലക്ഷവും കൈക്കലാക്കി.

കൂടാതെ, സഹപാഠികളും ആറ്റുകാൽ ചിന്മയ വിദ്യാലയ ഭാഗത്ത് ഫുട്ബാൾ കളിക്കാനെത്തിയ വിദ്യാർഥികളും ഇയാളുടെ ഇരയായിട്ടുണ്ട്. വാട്സാപ്പിലൂടെയും ഇയാൾ ആളുകളെ വലയിലാക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തിരുവല്ലം പൊലീസ് സ്റ്റേഷനിലും പൂന്തുറ പൊലീസിലുമടക്കം തട്ടിപ്പ് കേസിൽ പരാതിയെത്തിയതോടെയാണ് അന്വേണം വ്യാപിപ്പിച്ചത്. പാച്ചല്ലൂർ സ്വദേശിനിയുടെ സഹോദരനെ ഇന്‍റർവ്യുവിനെന്നപേരിൽ ബംഗളൂരുവിലേക്ക് വിളിച്ചു വരുത്തി ഇയാൾ മുങ്ങിയതോടെയാണ് പൊലീസിൽ പരാതിയെത്തിയത്. ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഒരു സുഹൃത്തിന്‍റെ ഫ്ലാറ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കേസിൽ കൂട്ടുപ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഇയാളിൽ നിന്ന് ഐആർഎസ് ഉദ്യോഗസ്ഥന്‍റെ വ്യാജ ഐഡി കാർഡ്, ജോലിക്കുളള അഭിമുഖത്തിനായി എത്തുന്നതിനുളള വ്യാജ ഇന്‍റർവ്യൂ കാർഡ് അടക്കമുളളവ പൊലീസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group