ആഡംബര കാർ വാങ്ങി നൽകിയില്ല, മകൻ അച്ഛനെ ആക്രമിച്ചു ; പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാര കൊണ്ട് തിരിച്ച് ആക്രമിച്ചു; തലയ്ക്ക് ഗുരുതര പരിക്കേറ്റ 28 കാരൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ; പിതാവിനെതിരെ കേസെടുത്ത് പോലീസ് ; സംഭവം തിരുവനന്തപുരത്ത്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി അച്ഛനെ മകൻ ആക്രമിച്ചു. പ്രകോപിതനായ അച്ഛൻ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. ആക്രമണത്തിൽ മകന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹൃദ്യക്ക് എന്ന 28കാരനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഹൃദ്യക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് ഹൃദ്യക്ക്. സംഭവത്തിൽ അച്ഛൻ വിനയാനന്ദനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വിനയാനന്ദ് ഒളിവിൽ പോയെന്നാണ് വിവരം.

28കാരനായ മകൻ ആഡംബര കാര്‍ വേണമെന്നന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു. ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകൻ അച്ഛനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ അച്ഛൻ കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിരന്തരം പണത്തിനുവേണ്ടിയും ആഡംബര ജീവിതത്തിനും വേണ്ടിയും വീട്ടിൽ മകൻ പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.