
വിശാഖപട്ടണം: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകളും മൂന്ന് വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 54 പന്തുകളില്‍ നിന്ന് 84 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓള്‍റൗണ്ടര്‍ നാദിന്‍ ഡി ക്ലെര്‍ക്ക് ആണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയമൊരുക്കിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണര്‍ തസ്മിന്‍ ബ്രിറ്റ്‌സ് 0(3), സുന്‍ ലൂസ് 5(9) എന്നിവരുടെ വിക്കറ്റുകള്‍ സ്‌കോര്‍ 18ല്‍ എത്തിയപ്പോള്‍ തന്നെ നഷ്ടമായി. മാരിസന്‍ കേപ്പ് 20(25), ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടിനൊപ്പം സ്‌കോര്‍ 50 കടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കേപ്പും പിന്നാലെ വന്ന അനേക ബോഷ് 1(2) എന്നിവരും പുറത്തായതോടെ സ്‌കോര്‍ 57ന് നാല്. വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്ത 14(20) അഞ്ചാമതായി പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ വെറും 81 റണ്‍സ് മാത്രം.ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് ക്ലോ ട്രയോണ്‍ 49(66) സഖ്യം സ്‌കോര്‍ 142 വരെ എത്തിച്ചു.
പിന്നാലെ വന്ന നാദിന്‍ ഡി ക്ലെര്‍ക്ക് 84*(54) ട്രയോണിനൊപ്പം ഏഴാം വിക്കറ്റില്‍ 69 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായി. സ്‌നേഹ് റാണ എറിഞ്ഞ 46ാം ഓവറില്‍ ട്രയോണ്‍ പുറത്തായതോടെ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷയായി.
ക്രാന്തി ഗൗഡ് എറിഞ്ഞ 47ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ ക്ലാര്‍ക്ക് അടിച്ചെടുത്തത് 18 റണ്‍സ്.നിര്‍ണായകമായ 48ാം ഓവര്‍ എറിയാനെത്തിയത് ദീപ്തി ശര്‍മ്മ. ഈ ഓവറില്‍ 11 റണ്‍സ് കൂടി പിറന്നതോടെ അവസാന രണ്ട് ഓവറുകളില്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത് വെറും 12 റണ്‍സ് മാത്രം.
49ാം ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് പന്തേല്‍പ്പിച്ചത് അമന്‍ജോത് കൗറിനെ. ഈ ഓവറില്‍ രണ്ട് സിക്‌സറുകള്‍ പായിച്ച് ക്ലെര്‍ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ് 94(77) മികവില്‍ 49.5 ഓവറില്‍ 251 റണ്‍സ് നേടി. 102ന് ആറ് എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ട സമയത്താണ് റിച്ച ക്രീസിലെത്തിയത്.
താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ മികവില്‍ അവസാന 59 പന്തുകളില്‍ നിന്ന് 98 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.
ഓപ്പണര്‍മാരായ പ്രതിക റാവല്‍ 37(56), സ്മൃതി മന്ദാന 23 (32) എന്നിവര്‍ ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്.
55 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് സഖ്യം പിരിഞ്ഞത്. മൂന്നാമതായി ക്രീസിലെത്തിയ ഹാര്‍ലീന്‍ ഡിയോള്‍ 13(23) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 9(24) എന്നിവര്‍കൂടി മടങ്ങിയപ്പോള്‍ സ്‌കോര്‍ 92ന് നാല്. ജെമീമ റോഡ്രിഗ്സ് 0(4), ദീപ്തി ശര്‍മ്മ 4(14) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 102-6. അമന്‍ജോത് കൗര്‍ 13(44) റണ്‍സ് നേടി മടങ്ങി.
എട്ടാം വിക്കറ്റില്‍ റിച്ച ഘോഷ് സ്നേഹ് റാണ 33(24) സഖ്യം 88 റണ്‍സാണ് അടിച്ചെടുത്തത്. 11 ബൗണ്ടറികളും നാല് സിക്സറുകളുമടിച്ച റിച്ച അവസാന ഓവറില്‍ സിക്സറടിച്ച് സെഞ്ച്വറി തികയ്ക്കാനുള്ള ശ്രമത്തിനിടെ പുറത്താകുകയായിരുന്നു. റണ്ണൊന്നുമെടുക്കാതെ ശ്രീ ചരണിയാണ് അവസാനം പുറത്തായത്.