ആളിപ്പടർന്ന് തീ; കടകളിൽ നിന്ന് കടകളിലേക്ക്; അഗ്നിരക്ഷാ സേനയ്ക്കും ഒന്നും ചെയ്യാനാകാത്ത സ്ഥിതി; ഉടൻ ആളുകളെ ഒഴിപ്പിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം; തളിപ്പറമ്പ് ബസ് സ്റ്റാൻസിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം…!

Spread the love

തളിപ്പറമ്പ് : നഗരമധ്യത്തിലെ കെട്ടിടങ്ങളിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം.

വൈകിട്ട് 5 മണിയോടെ കെവി കോംപ്ലക്സിലാണ് തീ പിടിച്ചത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ പിടിച്ച ഉടൻ തന്നെ കടകളിലുണ്ടായവരെയും ജീവനക്കാരെയും ഒഴിപ്പിക്കാനായതിനാൽ ആളപായമുണ്ടായില്ല. 15 മിനിറ്റിനുള്ളിൽ തന്നെ തളിപ്പറമ്പിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ രണ്ടു യൂണിറ്റ് എത്തിയെങ്കിലും ഒന്നും ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു.

ചുരുങ്ങിയ സമയത്തിനുള്ളിൽ യൂണിറ്റുകളിലെ വെള്ളം തീർന്നതല്ലാതെ തീയണയ്ക്കാനായില്ല. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി 6 ഫയർ യൂണിറ്റുകൾ കൂടി എത്തി. ഇതിനിടെ ടാങ്കർ ലോറികളിലും മറ്റും വെള്ളമെത്തിച്ച് ഫയർ എൻജിനുകളിലേക്ക് വെള്ളം നിറച്ചാണ് വീണ്ടും തീയണയ്ക്കൽ തുടർന്നത്.

തീപിടിച്ചതോടെ നഗരത്തിലെ ഗതാഗതം പൂർണമായി സ്തംഭിച്ചു. വാഹനങ്ങൾ തൃച്ചംബരം ക്ഷേത്രം റോഡ് വഴി തിരിച്ചുവിട്ടു.