play-sharp-fill
മഴകളിച്ചാൽ ഇന്ത്യ ജയിക്കും: റിസർവ് ദിനത്തിൽ ഇന്ത്യൻ ബാറ്റിംങ് താണ്ടവം പ്രതീക്ഷിച്ച് ആരാധകർ; ക്രിക്കറ്റിന്റെ മെക്കയിലേയ്ക്ക് കുതിക്കാൻ കോഹ്ലിയും കൂട്ടരും

മഴകളിച്ചാൽ ഇന്ത്യ ജയിക്കും: റിസർവ് ദിനത്തിൽ ഇന്ത്യൻ ബാറ്റിംങ് താണ്ടവം പ്രതീക്ഷിച്ച് ആരാധകർ; ക്രിക്കറ്റിന്റെ മെക്കയിലേയ്ക്ക് കുതിക്കാൻ കോഹ്ലിയും കൂട്ടരും

സ്വന്തം ലേഖകൻ

മാഞ്ചസ്റ്റർ: ലോകകപ്പിന്റെ ആദ്യ സെമിയിൽ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടിയപ്പോൾ മഴയെടുത്ത കളിയുടെ ബാക്കി ഇന്ന് തുടരാനിരിക്കെ ഇന്ത്യൻ ക്യാമ്പ് പ്രതീക്ഷയിൽ. മഴ കളിച്ചാലും ക്രിക്കറ്റ കളിച്ചാലും ഫൈനലിലേയ്ക്ക് കടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇന്ത്യ്ൻ ക്യാമ്പും ആരാധകരും.
ചൊവ്വാഴ്ച ഇന്ത്യൻ വിജയം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കിയാണ് മഴ കളിച്ചത്. ബുധനാഴ്ചയും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. സെമി ഫൈനലിന്റെ റിസർവ് ദിവസവും മഴ പെയ്താൽ എന്തായിരിക്കും സംഭവിക്കുക? ഇന്ന് ഒരു പന്തുപോലും എറിയാൻ സാധിക്കാതെ മത്സരം ഉപേക്ഷിച്ചാൽ പോയന്റ് നിലയിൽ മുന്നിലുള്ള ഇന്ത്യക്കാണ് ഫൈനൽ പ്രവേശനം ലഭിക്കുക.
ചൊവ്വാഴ്ച്ച നടന്ന മത്സരത്തിന്റെ തുടർച്ചയാണ് റിസർവ് ദിനത്തിൽ നടക്കുക. മത്സരം ആദ്യം മുതൽ നടത്തില്ല. നിലവിലെ അവസ്ഥയിൽ ന്യൂസീലൻഡ് 46.1 ഓവർ ബാറ്റു ചെയ്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇന്ന് കളി ആരംഭിച്ചാൽ ആദ്യം ന്യൂസിലാൻഡ് അവശേഷിക്കുന്ന 3.5 ഓവർ പൂർത്തിയാക്കും. 46.1 ഓവറിൽ , 5 വിക്കറ്റിന് 211 റൺസ് എന്ന നിലയിലാണ് ന്യൂസിലാൻഡ്. അവശേഷിക്കുന്ന ഓവറുകൾ എറിയുക ബുംറയും ഭുവനേശ്വർ കുമാറും ആയതിനാൽ വലിയ സ്‌കോർ എന്ന പ്രതീക്ഷ ന്യൂസിലാൻഡിനില്ല. അതേസമയം മറുപടി ബാറ്റിംഗിന് ഇന്ത്യ ഇറങ്ങിയാൽ ഡെക്ക് വർക്ക് ലൂയിസ് നിയമങ്ങളും നിർണായകമാകും. ഇടയ്ക്ക് മഴപെയ്ത് വീണ്ടും സ്‌കോർ പുനർനിർണയിക്കുന്ന സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വരുമ്പോൾ വിക്കറ്റുകൾ പോകാതിരിക്കുക എന്നതാണ് ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകുക.

ഓവറുകൾ വെട്ടിച്ചുരുക്കി, ഇന്നലത്തന്നെ മത്സരം തീർക്കാനുള്ള ശ്രമം തോരാ മഴയിൽ ഒലിച്ചു പോയിരുന്നു. വെട്ടിച്ചുരിക്കയാണെങ്കിൽ 20 ഓവറെങ്കിലും ഇന്ത്യക്ക് ബാറ്റു ചെയ്യാനുള്ള സാഹചര്യം ഉറപ്പായാൽ മാത്രമേ കളി വീണ്ടും തുടങ്ങാനാകുമായിരുന്നുള്ളൂ. റിസർവ് ദിനത്തിലും മഴ പെയ്താൽ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാകും. ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് നില നോക്കിയാകും ഫൈനലിലെത്തുന്ന ടീമിനെ തീരുമാനിക്കുക. അങ്ങനെയെങ്കിൽ സ്വാഭാവികമായും ഇന്ത്യ ഫൈനലിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ദിനം ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് കീവീസ് 46.1 ഓവറിൽ അഞ്ചു വിക്കറ്റിന് 211 റൺസിലെത്തിയപ്പോഴാണ് മഴ രസം കൊല്ലിയായത്. ന്യൂസിലൻഡ് ഇന്നിങ്സിൽ ഇനി 23 പന്തുകൾ ബാക്കിയുണ്ട്. അത് ബുധനാഴ്ച പൂർത്തിയാക്കും. 47ആം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ഭുവനേശ്വർ കുമാറാണ് പന്തെടുക്കുക. കളി തടസ്സപ്പെടുമ്പോൾ 67 റൺസുമായി റോസ് ടെയ്ലറും, മൂന്ന് റൺസുമായി ടോം ലാഥമായിരുന്നു ക്രീസിൽ ഇരുവരും ബുധനാഴ്ച ബാറ്റിങ് തുടരും. ബാക്കിയുള്ള നാല് ഓവറുകൾ ബുംറയും ഭുവനേശ്വർ കുമാറും ചേർന്ന് പൂർത്തിയാക്കും.

അർധ സെഞ്ച്വറി നേടിയ നായകൻ കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ എന്നിവരുടെ മികവിലാണ് ന്യൂസിലാൻഡ് ഭേദപ്പെട്ട സ്‌കോറിൽ എത്തി നിൽക്കുന്നത്. തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ കിവികളെ വരിഞ്ഞ് മുറുക്കി. ആദ്യ ഓവറുകളിൽ ബുംറ ഭുവനേശ്വർ സഖ്യത്തെ ക്ഷമയോടെ നേരിട്ട ന്യൂസിലാൻഡിന് റൺ വേഗത കൂട്ടാനായില്ല. ഇടയ്ക്ക് മെച്ചപ്പെട്ട സ്‌കോറിലേക്ക് പോകുന്നു എന്ന് തോന്നിച്ചെങ്കിലും വീണ്ടും തകർച്ചയെ നേരിടുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് മോശം തുടക്കമായിരുന്നു. ജസ്പ്രീത് ബുംറ ഭുവനേശ്വർ കുമാർ എന്നിവരുടെ ഓവറുകളിൽ റൺ കണ്ടെത്താൻ ആദ്യം മുതൽ കിവീസ് ബാറ്റസ്മാന്മാർ ബുദ്ധിമുട്ടി. ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ പോയതിന് ശേഷം രണ്ടാം വിക്കറ്റിൽ ഹെന്റി നിക്കോൾസ് 28(51) കെയിൻ വില്യംസൺ 67(95) എന്നിവർ ചേർന്ന് രണ്ടാം വിക്കറ്റിൽ 68 റൺസ് ചേർത്തെങ്കിലും നിരവധി ഓവറുകൾ വേണ്ടി വന്നു. ജഡേജയുടെ പന്തിൽ നിക്കോൾസ് പുറത്തായതിന് പിന്നാലെ എത്തിയ റോസ് ടെയ്‌ലറെ കൂട്ടുപിടിച്ച് വില്യംസൺ സ്‌കോർ ഉയർത്തി. 36ാം ഓവറിലെ രണ്ടാം പന്തിൽ ചഹാലിന് വിക്കര്‌റ് സമ്മാനിച്ച് വില്യംസൺ മടങ്ങുമ്‌ബോൾ കിവീസ് സ്‌കോർ 134ന് 3. പിന്നീട് വന്ന ജെയിംസ് നീഷം 12(18) കോളിൻ ഡി ഗ്രാൻഡ് ഹോം 16(10) എന്നിവർ പെട്ടെന്ന് മടങ്ങി.ഏഴാമനായിട്ടാണ് വിക്കറ്റ് കീപ്പർ ടോം ലഥാം ക്രീസിലെത്തിയത്.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ സെമി ഫൈനലിന് ഇറങ്ങിയത്. കുൽദീപ് യാദവിന് പകരം കഴിഞ്ഞ മത്സരത്തിൽ വിശ്രമിച്ച ചഹൽ തിരികെ എത്തി. ന്യൂസിലാൻഡ് ടീമും ഒരു മാറ്റത്തോടെയാണ് ഇറങ്ങിയത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൺ ടീമിൽ ഇടം പിടിച്ചു. മഴ കാരണം കളി നിർത്തുമ്പോൾ ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ, ഹാർദ്ദിക് പാണ്ഡ്യ, ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.

പ്രാഥമിക റൗണ്ടിൽ, കളിച്ച എട്ടിൽ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലൻഡ് ഒടുവിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി ലോകേഷ് രാഹുലും ഫോമിലെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണ്. നേരത്തെ മാഞ്ചസ്റ്ററിൽ രണ്ട് മത്സരങ്ങൾ ഈ ലോകകപ്പിൽ ഇന്ത്യ കളിച്ചിരുന്നു പാക്കിസ്ഥാനും വെസ്റ്റിൻഡീസിനുമെതിരെ. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു.