
കോട്ടയം : വന്യജീവി സംരക്ഷണം കേരള ഭേദഗതിയും ഭൂപതിവ് നിയമ ഭേദഗതിയും കേരള കോണ്‍ഗ്രസ് (എം) എല്‍. ഡി. എഫില്‍ എത്തിയതിനു ശേഷം നേടിയ ചരിത്ര വിജയങ്ങളാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി.
പതിറ്റാണ്ടുകളായി കേരളത്തിലെ കര്‍ഷകര്‍ ഉന്നയിച്ചിരുന്ന പ്രധാനപ്പെട്ട ഈ രണ്ട് ആവശ്യങ്ങള്‍ നടപ്പിലാക്കിയെടുക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിയുടെയും എല്‍.ഡി.എഫിന്റെയും ഏറ്റവും വലിയ രാഷ്ട്രീയ നേട്ടമാണ്.
ബഫര്‍സോണ്‍ വിഷയത്തിലെ കൃത്യമായ ഇടപെടലുകളും, ഭൂപതിവ് നിയമ ഭേദഗതിയും, വന്യജീവി സംരക്ഷണം കേരള ഭേദഗതിയും നിറഞ്ഞ മനസ്സോടെയാണ് കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചത്. വലിയ ആവേശമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്വാധീന മേഖലകളില്‍ ഇപ്പോള്‍ പ്രകടമാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2026 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ആവേശം എല്‍ഡിഎഫിന് അനുകൂലമായ വോട്ടുകളായി മാറും. പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കുകയെന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണ് ഈ രണ്ട് സുപ്രധാന നടപടികളിലൂടെ എല്‍ഡിഎഫ് ചെയ്തത്.
തെരുവുനായ ശല്യം പരിഹരിക്കാനുള്ള നിയമഭേദഗതിക്കായി കേരള കോണ്‍ഗ്രസ് എം ശക്തമായ സമ്മര്‍ദ്ദം ചെലുത്തും.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും എല്‍ഡിഎഫില്‍ അവതരിപ്പിക്കുകയും ചെയ്യും.സാധാരണ ജനജീവിതം അസാധ്യമായ വിധത്തിലുള്ള അതിരൂക്ഷമായ തെരുവുനായ ശല്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.
ഇരുചക്ര വാഹന യാത്രയും കാല്‍നട സഞ്ചാരവും അസാധ്യമായ രീതിയില്‍ കാര്യങ്ങള്‍ വഷളായിരിക്കുകയാണ്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഒന്നരലക്ഷത്തോളം ആളുകള്‍ക്ക് തെരുവുനായ ആക്രമണങ്ങളില്‍ പരിക്കേറ്റു. കൊച്ചുകുട്ടികളടക്കമുള്ളവര്‍ക്ക് പേവിഷബാധയേറ്റു . ഒട്ടേറെ മരണങ്ങളും സംഭവിച്ചു.ഇതിന് പരിഹാരം കാണാതെ ഇനി സംസ്ഥാനത്തിന് മുന്നോട്ട് പോകാനാവില്ല.
വന്യജീവി സംരക്ഷണം കേരള ഭേദഗതി മാതൃകയിലുള്ള നിയമഭേദഗതിയാണ് ഇതിനായി ആവശ്യമായിട്ടുള്ളത് .അതല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ നടന്ന ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള നിയമനിര്‍മ്മാണം മാതൃകയാക്കി പുതിയ നിയമം കൊണ്ടുവരണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടിയുടെ 61-ാം ജന്മദിനത്തോടനുബന്ധിച്ച് നേരത്തെ ജോസ് കെ മാണി പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പതാക ഉയര്‍ത്തി.തുടര്‍ന്ന് ജന്മദിന കേക്ക് മുറിക്കുകയും ജന്മദിന സമ്മേളനവും നടന്നു.
വൈസ് ചെയര്‍മാന്‍ തോമസ് ചാഴികാടന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, ജോണി നെല്ലൂര്‍, പ്രോഫ. ലോപ്പസ് മാത്യു, മുഹമ്മദ് ഇക്ക്ബാല്‍, വിജി എം.തോമസ്, സഖറിയാസ് കുതിരവേലി, ബാബു ജോസഫ്, വി.ടി ജോസഫ്, വി.വി ജോഷി, ജേക്കബ് തോമസ് അരികുപുറം, ജെന്നിംഗ്‌സ് ജേക്കബ്, ചെറിയാന്‍ പോളച്ചിറക്കല്‍, ജോസ് ടോം തുടങ്ങിയവര്‍ സംസാരിച്ചു.