വഞ്ചിനാടിന് ഏറ്റുമാനൂരിൽ സ്റ്റോപ്പിന് വേണ്ടി ശക്തമായ ഇടപെടൽ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ

Spread the love

കോട്ടയം :  വഞ്ചിനാട് എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം.

ഏറ്റുമാനൂരും , പാലായിലും പരിസര പഞ്ചായത്തിലെയും നിരവധി യാത്രക്കാർ ഓഫീസ്, ആശുപത്രി ആവശ്യങ്ങൾക്കായി പുലർച്ചെ കിലോമീറ്ററുകൾ സഞ്ചരിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയാണ് തിരുവനന്തപുരത്തേയ്ക്ക് ഇപ്പോൾ യാത്ര ചെയ്യുന്നതെന്നും പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യത്തിന് ഇനിയും കാലതാമസം അരുതെന്നും കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്തിയാണ് നിവേദനം നൽകിയത്.

എം ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, ഐ സി.എച്ച്, ഐ ടി ഐ, ബ്രില്യന്റ് കോളേജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ അർദ്ധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് നിരവധി വ്യവസായിക സ്ഥാപനങ്ങൾ, ഏറ്റുമാനൂർ ക്ഷേത്രം, ചാവാറ മ്യൂസിയം, അൽഫോൻസാ തീർത്ഥാടന കേന്ദ്രം, അതിരമ്പുഴ പള്ളി പോലുള്ള തീർത്ഥാടനകേന്ദ്രങ്ങൾ ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതാണ്.

പുലർച്ചെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് കോട്ടയത്ത് നിന്ന് കയറുന്നതിൽ സിംഹഭാഗം യാത്രക്കാരും ഏറ്റുമാനൂർ സ്റ്റേഷൻ കടന്നാണ് പോകുന്നതെന്നും കോട്ടയത്ത് സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന പാർക്കിംഗ് അടക്കമുള്ള അസൗകര്യങ്ങൾക്ക് ഏറ്റുമാനൂരിൽ വഞ്ചിനാടിന് സ്റ്റോപ്പിലൂടെ പരിഹാരമാകുമെന്ന് നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടി.

നിവേദനങ്ങൾ സ്വീകരിച്ച ശേഷം ആവശ്യങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുകയും വഞ്ചിനാടിന്റെ സ്റ്റോപ്പ്‌ പരിഗണനയിലുണ്ടെന്നും തീർച്ചയായും അടിയന്തിര ഇടപെടൽ നടത്തുമെന്നും കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉറപ്പ് നൽകി.

യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസും, ഏറ്റുമാനൂർ മുൻസിപ്പാലിറ്റി കൗൺസിലർ ഉഷാ സുരേഷ്, ബി ജെ പി ജില്ലാ ട്രഷറർ ശ്രീജിത്ത് കൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ലാൽ കൃഷ്ണ, ജില്ലാ സെക്രട്ടറി സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് സംയുക്തമായി വഞ്ചിനാടിന് വേണ്ടിയുള്ള ആവശ്യം അറിയിച്ച് നിവേദനം നൽകിയത്.