റവന്യൂ ചെലവ് കുത്തനെ ഉയർന്നു; സംസ്ഥാനം കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് സിഎജി റിപ്പോര്‍ട്ട്; ശിശു സംരക്ഷണ പദ്ധതികളിൽ വീഴ്ച

Spread the love

തിരുവനന്തപുരം: സംസ്ഥാനം കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് സി ആന്‍ഡ് എ.ജി റിപ്പോര്‍ട്ട്. ബജറ്റിന് പുറത്തുളള കടമെടുപ്പുകൾ കൂടി കടത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയാൽ ജിഎസ്‍ഡിപിയുടെ 37.84 % ആകുമെന്നും ഈ സാമ്പത്തിക പ്രവണത കണക്കിലെടുത്താൽ ബുദ്ധിമുട്ട് കനത്തതാണെന്നുമാണ് സിഎജി റിപ്പോര്‍ട്ട്. 2019 -20 സാമ്പത്തിക വർഷം മുതൽ 2023 – 24 വരെ റവന്യൂ ചെലവ് കുത്തനെ ഉയർന്നു. ആകെ ചെലവിന്‍റെ 5.18 ശതമാനം മാത്രമാണ് മൂലധന ചെലവ്.

കടമെടുത്ത പണം സാധാരണ ചെലവുകൾക്കും കടം വീട്ടാനുമാണ് ഉപയോഗിക്കുന്നത്. റവന്യൂ ചെലവിന്‍റെ ഗണ്യമായ ഭാഗം ശമ്പളം, വേതനം പെൻഷൻ ഇനങ്ങളിലാണ്. ഇത്തരം ചെലവുകൾ റവന്യൂ ചെലവിന്‍റെ 68 ശതമാനം വരെ എത്തിയിട്ടുണ്ട്. ശരാശരി 6.82 ശതമാനമാണ് ശമ്പളം ഉൾപ്പെടയുള്ള ബാധ്യതപ്പെട്ട ചെലവുകളിലെ വർദ്ധന. 2023 – 24 ൽ 10632. 46 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തു. ഇത്തരം ഓഫ് ബജറ്റ് കടമെടുപ്പുകൾ സഞ്ചിത നിധിയിൽ വരവ് വെക്കുന്നില്ലെന്നും എന്നാൽ ഈ കടങ്ങൾ തിരിച്ചടയ്ക്കുന്നത് ബജറ്റ് മുഖാന്തിരമാണെന്നും സിഎജി റിപ്പോര്‍ട്ടിൽ പറയുന്നു.

 

വിയോജിച്ച് ധനമന്ത്രി

 

ബജറ്റിന് പുറത്തുള്ള വായ്പ എടുപ്പിൽ സി എ ജി റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങളിൽ വിയോജനം രേഖപ്പെടുത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ.കിഫ്ബി വായ്പ നേരിട്ടുള്ള ബാധ്യത ആകുന്നില്ല. ഇത് ആകസ്മിക ബാധ്യത മാത്രമാണ്. സാമൂഹ്യ സുരക്ഷാ കമ്പനി എടുക്കുന്ന വായ്പകൾ അതാതു വർഷം തന്നെ തിരിച്ചടയ്ക്കുന്നുണ്ട്. ഈ പെൻഷൻ പദ്ധതിയിലൂടെയാണ് സംസ്ഥാനത്തിന്‍റെ ദാരിദ്ര്യം ഒരു ശതമാനത്തിൽ താഴെ നിർത്തിയത്. അത് സിഎജി കാണാതെപോകുകയാണെന്നും ധനമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ശിശു സംരക്ഷണ പദ്ധതികളിൽ വീഴ്ച

 

സംസ്ഥാനത്തെ ശിശു സംരക്ഷണ പദ്ധതികളിൽ വീഴ്ചയുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടിൽ പറയുന്നത്. 165 ശിശു പരിപാലന കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ പുതുക്കിയിട്ടില്ല. റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലും കാലതാമസം വരുത്തി. ജുവനൈൽ ജസ്റ്റിസ് ബോർഡുകൾക്ക് സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് 364 ദിവസം വൈകി.

ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്കുള്ള റിപ്പോർട്ടുകളും 447 ദിവസം വൈകിയെന്നും ഇത് മൂലം കുട്ടികൾക്ക് അനുകൂലമല്ലാത്ത ഫലങ്ങൾ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളോടും അവഗണനയുണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളിൽ അവരെ താമസിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിൽ വിമര്‍ശിക്കുന്നു. കുട്ടികളുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണ പ്രക്രിയ വൈകിയെന്നും ഇതുമൂലം വിചാരണ കാലയളവ് അനാവശ്യമായി നീണ്ടുവെന്നും സിഎജി കുറ്റപ്പെടുത്തി.