ചികിത്സയ്ക്കായി പോകുന്ന കാൻസര്‍ രോഗികള്‍ക്ക് കെഎസ്‌ആര്‍ടിസി ബസ്സുകളിൽ ഇനി സൗജന്യ യാത്ര; പ്രഖ്യാപനവുമായി മന്ത്രി ഗണേഷ് കുമാര്‍

Spread the love

തിരുവനന്തപുരം: ആശുപത്രികളിലേക്ക് യാത്രചെയ്യുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസ്സിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്.

കെഎസ്‌ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിലാണ് സൗജന്യ യാത്ര ഒരുക്കുക. കാൻസർ സെന്റുകള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രിയിലേക്കാണെങ്കിലും യാത്ര സൗജന്യമായിരിക്കും. നിലവിലുള്ള ഉത്തരവ് പ്രകാരം 50 ശതമാനം നിരക്കില്‍ ഇളവുണ്ടായിരുന്നു. ഇതാണ് പൂർണമായും സൗജന്യമാക്കുന്നത്. കാൻസർ സെന്ററുകളിലേക്ക് പോകുന്ന അർബുദ രോഗികള്‍ക്ക് യാത്രാ ഇളവ് നല്‍കുന്ന 2012ലെ ഉത്തരവില്‍ മാറ്റം വരുത്തിയാണ് ഇത് നടപ്പാക്കുന്നത്. റേഡിയേഷനും കീമോയ്ക്കുമായി ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്ക് ഈ സേവനം ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

പ്രഖ്യാപനം നടത്തുന്നതിനിടെ ബഹളം വെച്ച പ്രതിപക്ഷത്തെ മന്ത്രി പരിഹസിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയകാര്യമായിരിക്കില്ലെന്നും പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണെന്നും പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, കെഎസ്‌ആർടിസിയില്‍ വരുമാനം അനുദിനം വർധിച്ച്‌ വരികയാണെന്ന് സഭയില്‍ മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാള്‍ 26 കോടി രൂപയോളം വർധനവാണ് വരുമാനത്തിലുണ്ടായിട്ടുള്ളത്. യാത്രക്കാരുടെ എണ്ണത്തില്‍ 22 ലക്ഷത്തിലധികം വർധനവാണ് ഉണ്ടായിട്ടുള്ളത്. നഷ്ടം കുറച്ചുകൊണ്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.