താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം : സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഭാര്യ; ‘മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെട്ടേനെയെന്ന് ഡോക്ടർ പറഞ്ഞു, ഇതിനു ശേഷം സനൂപ് ഡിപ്രെഷനിലായി

Spread the love

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായ അക്രമത്തിൽ പ്രതികരണവുമായി പ്രതി സനൂപിൻ്റെ ഭാര്യ രംബീസ. സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് ഭാര്യ രംബീസ പറഞ്ഞു. നിയമപരമായി മുന്നോട്ടു നീങ്ങുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെട്ടേനെയെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞിരുന്നു. ഇതിനു ശേഷം സനൂപ് ഡിപ്രെഷനിലായെന്നും രംബീസ പറഞ്ഞു. ഇന്നലെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി സനൂപ് ഡോക്ടറെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചത്.

സനൂപ് രാത്രിയിൽ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കും. നട്ടപ്പാതിരയ്ക്ക് പോലും മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരിക്കും. മകളുടെ മരണത്തിൽ നീതി വേണം. മകൾ മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചല്ലെന്ന് ഡോക്ടർമാർ അന്ന് പറഞ്ഞിരുന്നു. പിന്നീട് മൊഴി മാറ്റുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ഇനി ഒറ്റക്ക് നിയമ പോരാട്ടം നടത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ട് മുക്കുമോ എന്ന് സംശയിക്കുന്നുവെന്നും രംബീസ പറഞ്ഞു.