
തിരുവനന്തപുരം : ആർ.സി.സിയിൽ മരുന്ന് മാറി നൽകി. തലച്ചോറിലെ ക്യാൻസറിനുള്ള ടെമോസോളോമൈഡ് എന്ന മരുന്നിന്റെ ബോക്‌സിൽ ശ്വാസകോശ ക്യാൻസറിനുള്ള എറ്റോപോസൈഡ് എത്തിയതാണ് പ്രശ്നമായത്.
ഗുജറാത്തിലെ കമ്പനിയിൽ നിന്ന് പാക്ക് ചെയ്ത് അയച്ചപ്പോഴുണ്ടായ പിഴവാണെന്നാണ് വിവരം. പത്തിലധികം ബോക്‌സുകളിലാണ് ടെമോസോളോമൈഡ് എത്തിയത്. ഇതിൽ അവസാന നാല് ബോക്‌സ് ശേഷിക്കേയാണ് ടെമോസോളോമൈഡിന്റെ പെട്ടിയിൽ എറ്റോപോസൈഡാണ് വന്നതെന്ന് കണ്ടെത്തിയത്.ഇതോടെ വിതരണം പൂർണമായി നിറുത്തി. നേരത്തെ വിതരണം ചെയ്ത ബോക്‌സുകളിലും മരുന്നുകൾ മാറിയിരുന്നോയെന്ന് വ്യക്തമല്ല.
ഇത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കാൻ ഫാർമസിയിൽ നിന്ന് ഒരുമാസത്തിനിടെ ടെമോസോളോമൈഡ് വാങ്ങിയ രോഗികളുടെ വിവരം ശേഖരിച്ച് പരിശോധിക്കുകയാണ് ആർ.സി.സി അധികൃതർ. മാറിയിട്ടുണ്ടെങ്കിൽ നൂറുകണക്കിന് രോഗികൾ മരുന്ന് മാറി കഴിച്ചിട്ടുണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആർ.സി.സി അധികൃതർ സംസ്ഥാന ഡ്രഗ്സ് കൺട്രോളർക്ക് പരാതി നൽകി. കേസെടുത്ത ഡ്രഗ്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ആർ.സി.സിയിലെത്തി മരുന്ന് മറിയതായി സ്ഥിരീകരിച്ചു. ബോക്‌സിന്റെ പുറത്ത് ടെമോസോളോമൈഡ് എന്ന പേരും അകത്ത് എറ്റോപോസൈഡാണുമുണ്ടായിരുന്നതെന്ന് ഉറപ്പിച്ചതോടെ നാലു ബോക്‌സുകൾ പിടിച്ചെടുത്തു. ഇത് കോടതിയിൽ ഹാജരാക്കി.
മരുന്ന് മാറി അയച്ചതിന് ഗുജറാത്ത് കമ്പനിയെ ആർ.സി.സി കരിമ്പട്ടികയിൽപ്പെടുത്തി. ആർ.സി.സി സ്വന്തം നിലയിൽ ടെണ്ടർ വിളിച്ചാണ് മരുന്ന് വാങ്ങുന്നത്. ടെണ്ടറിൽ ഒന്നാം സ്ഥാനത്ത് എത്തിയ കമ്പനിയായിരുന്നു ഇത്.