
തിരുവല്ല: പോക്സോ കേസ് അതിജീവിതയെ പ്രതി ഭീഷണിപ്പെടുത്തിയിട്ടും നടപടിയെടുത്തില്ല.പോലീസ് ഇന്‍സ്പെക്ടര്‍ എസ്.സന്തോഷിന് സസ്പെന്‍ഷന്‍. പത്തനംതിട്ട എസ്.പി ആര്‍. ആനന്ദ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.
കവിയൂര്‍ സ്വദേശിയായ പോക്സോ കേസ് പ്രതിയാണ് ജയിലില്‍ നിന്ന് വന്ന ശേഷം അതിജീവിതയെ ഭീഷണിപ്പെടുത്തിയത്. ഇതു സംബന്ധിച്ച പരാതി കിട്ടിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്ന് അതിജീവിത പരാതിപ്പെട്ടിരുന്നു. ഇയാള്‍ കൊലക്കേസില്‍ അടക്കം പ്രതിയായിട്ടും റൗഡി ഹിസ്റ്ററി ഷീറ്റ് എടുക്കുകയോ കാപ്പ ചുമത്താന്‍ നടപടി സ്വീകരിക്കുകയോ ഇന്‍സ്പെക്ടര്‍ ചെയ്തില്ലെന്ന് പറയുന്നു.
കേസ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഇന്‍സ്പെക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.പി അന്വേഷണ റിപ്പോര്‍ട്ട് ഐജിക്ക് സമര്‍പ്പിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്‍സ്പെക്ടര്‍ സന്തോഷിനെ കഴിഞ്ഞ ദിവസം ചിറ്റാറിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം മുന്‍ പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാറിന്റെ സ്വകാര്യ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഇതേ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി വാങ്ങി തിരുവല്ല പോലീസ് സ്റ്റേഷനില്‍ മോട്ടോര്‍ ഒക്കറന്‍സിന് കേസ് എടുത്തത് വിവാദമായിരുന്നു.
തുടര്‍ന്ന് പത്തനംതിട്ട എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്.പി വി.ജി. വിനോദ്കുമാര്‍, ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, എസ്.എച്ച്.ഓ എസ്. സന്തോഷ് എന്നിവര്‍ക്കെതിരേ റേഞ്ച് ഡി.ഐ.ജി നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു.