
ദിവസവും ഒരാപ്പിൾ കഴിക്കൂ, ഡോക്ടറെ അകറ്റിനിർത്തൂ’ എന്ന പഴഞ്ചൊല്ലിൽ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ആപ്പിൾ ഏറെ പോഷകസമൃദ്ധമായ പഴമാണ് എന്ന കാര്യത്തിൽ ഒരാൾക്കും സംശമയില്ല.
അതേസമയം, മുറിച്ച ഉടൻ തന്നെ ആപ്പിളിന്റെ നിറം പെട്ടെന്ന് മങ്ങിപ്പോകുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എൻസൈമാറ്റിക് പ്രതിപ്രവർത്തനം സംഭവിക്കുന്നതുകൊണ്ടാണ് ആപ്പിളിന്റെ നിറം ഇത്തരത്തില്‍ മാറുന്നത്. നിറം മങ്ങിയ ആപ്പിള്‍ കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും, അതിന്റെ ഫ്രഷ്നസ് നഷ്ടപ്പെട്ടതായി തോന്നുന്നതിനാല്‍ ആരും അത് കഴിക്കാൻ ഇഷ്ടപ്പെടുന്നില്ല.
ഉപ്പുവെള്ളം ഉപയോഗിക്കാം
മുറിച്ച ആപ്പിള്‍ കൂടുതല്‍ ദിവസം കേടുവരാതെ ഫ്രഷ് ആയി സൂക്ഷിക്കാൻ ഉപ്പുവെള്ളം ഉപയോഗിക്കുന്നത് മികച്ചൊരു വഴിയാണ്. അര ടീസ്പൂണ്‍ ഉപ്പ് തണുത്ത വെള്ളത്തില്‍ ചേർത്ത് ലയിപ്പിക്കുക. ഈ ഉപ്പുവെള്ളത്തിലേക്ക് മുറിച്ച ആപ്പിള്‍ കഷ്ണങ്ങള്‍ 10 മിനിറ്റ് മുക്കിവെക്കണം. അതിനുശേഷം, ആപ്പിള്‍ കഷ്ണങ്ങള്‍ സാധാരണ തണുത്ത വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം. ഈ വിദ്യ ആപ്പിള്‍ കൂടുതല്‍ നേരം നിറം മങ്ങാതെയും കേടുവരാതെയും ഇരിക്കാൻ സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തണുത്ത വെള്ളം ഉപയോഗിക്കാം
മുറിച്ചുവെച്ച ആപ്പിളിന്റെ നിറം മങ്ങുന്നത് തടയാനുള്ള ഒരു എളുപ്പവഴിയാണ് തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുന്നത്. മുറിച്ച് ആപ്പിൾ കഷ്ണങ്ങള്‍ കുറച്ച് നേരം തണുത്ത വെള്ളത്തില്‍ അതേപടി വെച്ച ശേഷം പുറത്തെടുക്കാം. ഇങ്ങനെ ചെയ്യുന്നത്, നിറം മാറ്റത്തിന് കാരണമാകുന്ന എൻസൈമാറ്റിക് പ്രതിപ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. ഇതുവഴി ആപ്പിളിന്റെ സ്വാഭാവിക നിറം നിലനിർത്താൻ സാധിക്കും.
തേൻ
മുറിച്ച ആപ്പിളിന്റെ നിറം മാറുന്നത് തടയാൻ സഹായിക്കുന്ന മറ്റൊരു മാർഗ്ഗമാണ് തേൻ ഉപയോഗിക്കുന്നത്. തേനില്‍ അടങ്ങിയിട്ടുള്ള ചില സംയുക്തങ്ങള്‍ ആപ്പിളില്‍ നടക്കുന്ന എൻസൈമാറ്റിക് പ്രതിപ്രവർത്തനത്തെ തടയുന്നതാണ് ഇതിന് കാരണം. ഇതിനായി, തണുത്ത വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ തേൻ ചേർത്ത് ലയിപ്പിക്കുക. ശേഷം, മുറിച്ചുവെച്ച ആപ്പിള്‍ കഷ്ണങ്ങള്‍ ഈ തേൻ ലായനിയില്‍ 10 മിനിറ്റ് മുക്കിവെക്കണം.
നാരങ്ങ വെള്ളം
തണുത്ത വെള്ളത്തില്‍ നാരങ്ങ നീര് ചേർക്കണം. ഇതിലേക്ക് മുറിച്ചുവെച്ച ആപ്പിള്‍ മുക്കിവയ്ക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താല്‍ മതി. ഒരു ദിവസം മുഴുവനും ആപ്പിള്‍ നിറം മങ്ങാതിരിക്കും.