ശബരിമലയുടെ പരിപാവനതയെ കളങ്കപ്പെടുത്തിയ ദേവസ്വം മന്ത്രി രാജിവെയ്ക്കണം, ദേവസ്വം ബോർഡ് പിരിച്ച് വിടണം : ഫ്രാൻസിസ് ജോർജ് എം.പി

Spread the love

കോട്ടയം : ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് വിശ്വാസികളുടെ ആരാധനാ കേന്ദ്രമായ ശബരിമലയുടെ പരിപാവനതയെ കളങ്കപ്പെടുത്തിയ ദേവസ്വം മന്ത്രി വി.എൻ വാസവൻ രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡ് പിരിച്ച് വിടണമെന്നും കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.

ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്പങ്ങൾ പൊതിഞ്ഞ പാളികളിൽ നിന്നു സ്വർണ്ണം കാണാതായതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് മന്ത്രിക്കും ദേവസ്വം ബോർഡിനും ഒഴിഞ്ഞ് മാറാൻ കഴിയില്ല. ദേവസ്വം ഉദ്യോഗസ്ഥരുടെ തലയിൽ പഴിചാരി രക്ഷപെടാനുള്ള ദേവസ്വം ഉന്നതരുടെയും സർക്കാരിൻ്റെയും ശ്രമം വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കോടതി പോലും അങ്ങേയറ്റം ഗൗരവമായി കണ്ട ഈ വിഷയത്തിൽ മറുപടി പറയാതെ കുറ്റക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത് അപലപനീയമാണ്.

ശബരിമല പോലുള്ള പരിപാവനമായ സ്ഥലത്ത് അവതാരങ്ങൾക്ക് അഴിഞ്ഞാടാൻ ദേവസ്വം അധികൃതരും സർക്കാരും കൂട്ടുനിൽക്കുകയാണ്.

കേട്ടുകേൾവി പോലുമില്ലാത്ത നിലയിലുള്ള ആസൂത്രിത കവർച്ച അന്വേഷിക്കാൻ ദേവസ്വം വിജിലൻസിനെ ഏല്പിച്ചത് കള്ളനെ താക്കോൽ ഏല്പിക്കുന്നതിന് തുല്യമാണന്ന് ഫ്രാൻസിസ് ജോർജ് ആരോപിച്ചു.

ക്ഷേത്ര വിശ്വാസത്തെയും ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കാനും കൊള്ള നടത്താനും കൂട്ടുനിന്നി ദേവസ്വം ബോർഡ് ഭരണസമിതിയെ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.