ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് കൊടകര ഗ്രാമ പഞ്ചായത്ത്: നിർമ്മാണ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് വൃത്തിയില്ലാത്തതാണ് കാരണം.

Spread the love

തൃശൂര്‍: കൊടകര ഗ്രാമപഞ്ചായത്തില്‍ ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ജില്ലാ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ജൈവമാലിന്യങ്ങള്‍ പുറത്ത് കൂട്ടിയിട്ടതായും അജൈവ മാലിന്യം വലിച്ചെറിഞ്ഞതായും ദ്രവമാലിന്യം തൊട്ടടുത്തുള്ള പാടശേഖരത്തേക്ക് ഒഴുക്കിവിടുന്നതായും കണ്ടെത്തി. പൊതു ശുചിത്വമില്ലായ്മയും പരിശോധനയില്‍ കണ്ടു.
കേരള പഞ്ചായത്ത്‌രാജ് ആക്ടിലെ വിവിധ സെക്ഷനുകള്‍ പ്രകാരം അമ്പതിനായിരം രൂപ പിഴ ചുമത്തി കരാര്‍ കമ്പനി മാനേജര്‍ക്ക് നോട്ടീസ് നല്‍കി. കൂടാതെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ബാര്‍ ഹോട്ടലുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. അശാസ്ത്രീയ മാലിന്യ സംസ്‌കരണം കണ്ടെത്തുകയും പല സ്ഥലങ്ങളിലും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായും കണ്ടു.
വീഴ്ച പറ്റിയ സ്ഥാപനങ്ങള്‍ക്ക് വിവിധ സെക്ഷനുകള്‍ പ്രകാരം പിഴ ചുമത്തി നോട്ടീസ് നല്‍കി. ആകെ 70000 രൂപ പിഴ ചുമത്തി. ജില്ലാ സ്‌ക്വാഡ് ടീം ലീഡര്‍ രജിനേഷ് രാജന്‍, ടീം അംഗം രശ്മി പി.എസ്, കൊടകര ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി സുനില്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിധിന്‍ ദേവസി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.