
പാലക്കാട്: ജോലിക്കിടയില്‍ മദ്യപിച്ചു ലക്കുകെട്ട് കെഎസ്‌ആർടിസി കണ്ടക്ടറെ പിടികൂടി വിജിലൻസ്. ഈരാറ്റുപേട്ട – കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടർ ആർ കുമാർ ബദലിയാണ് ജോലിക്കിടെ മദ്യപിച്ചത്.
യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പാലക്കാട് കെഎസ്‌ആർടിസി സ്റ്റാൻഡില്‍ വെച്ച് ഇയാളെ കയ്യോടെ പിടിച്ചു. പിന്നീട് കണ്ടക്ടറെ മാറ്റിയാണ് ബസ് യാത്ര തുടര്‍ന്നത്. പറ്റിപ്പോയിയെന്നും ഒരു ക്വാര്‍ട്ടർ ആണ് കഴിച്ചതെന്നും കണ്ടക്ടര്‍ വിജിലൻസിനോട് സമ്മതിച്ചു.
ഫോണ്‍ സ്വിച്ച് ചെയ്ത കണ്ടക്ടർ
അതേസമയം, കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യാൻ ഓണ്‍ലൈൻ ആയി ടിക്കറ്റെടുത്ത യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബസ് എപ്പോഴെത്തുമെന്നോ എവിടെ എത്തിയെന്നോ കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുകയും ഫോണ്‍ എടുക്കാതിരിക്കുകയും ചെയ്ത കണ്ടക്ടറുടെ നടപടിയില്‍ യാത്രക്കാര്‍ ബസിനുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ത്തി. സ്ഥിരമായി കോഴിക്കോട്-കൊച്ചി റൂട്ടില്‍ കെഎസ്‌ആർടിസിയെ ആശ്രയിക്കുന്ന യാത്രക്കാരിയും ഓണ്‍ലൈൻ ചാനല്‍ അവതാരകയുമായ ഹരിത എള്ളാത്ത് ആണ് ഈ വിഷയം ഫേസ്ബുക്കില്‍ കുറിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചിയിലേക്കുള്ള യാത്രക്കായി രാത്രി 7.40-ന് കോഴിക്കോട് എത്തേണ്ട കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിലാണ് ഹരിത ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. രാമനാട്ടുകരയില്‍ നിന്നാണ് ബസില്‍ കയറേണ്ടിയിരുന്നത്. പൊതുവെ വൈകി എത്തുന്ന പതിവുള്ള ബസ് ആയതിനാല്‍ ഇപ്പോള്‍ എവിടെ എത്തിയെന്നത് അടക്കമുള്ള വിവരങ്ങള്‍ അറിയാനും രാമനാട്ടുകരയില്‍ നിന്ന് കയറുന്ന വിവരം അറിയിക്കാനുമായി വൈകുന്നേരം 6.30 മുതല്‍ ഹരിത കണ്ടക്ടറെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് എട്ട് മണിവരെ പലപ്പോഴായി വിളിച്ചെങ്കിലും ഫലം കണ്ടില്ല.
ഒടുവില്‍ കെഎസ്‌ആർടിസിയുടെ വിവിധ ഡിപ്പോകളിലെ നമ്പറുകളിലും കണ്‍ട്രോള്‍ റൂമുകളിലും മാറി മാറി ബന്ധപ്പെട്ടു. ഒടുവില്‍, മുമ്പ് ഇതേ റൂട്ടില്‍ യാത്ര ചെയ്ത സ്വിഫ്റ്റ് ബസിലെ ഒരു കണ്ടക്ടറെ ബന്ധപ്പെട്ടാണ് സഹായം തേടിയത്. അദ്ദേഹം കണ്ണൂർ ഡിപ്പോയില്‍ വിളിച്ചന്വേഷിച്ചപ്പോള്‍, സ്വിഫ്റ്റിന്‍റെ ജീവനക്കാരല്ല, മറിച്ച് കെഎസ്‌ആർടിസിയുടെ സ്റ്റാഫാണ് വരുന്നത് എന്നും അവർ തിരിച്ചു വിളിക്കുമെന്നും മറുപടി ലഭിച്ചു.
എന്നാല്‍, രാത്രി ഒമ്പത് മണി കഴിഞ്ഞിട്ടും ഹരിതയ്ക്ക് ഒരു കോളും ലഭിച്ചില്ല. തുടർന്ന് വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത കണ്ടക്ടർ, ‘കോഴിക്കോട് എത്തി ആളെ കയറ്റുന്നു, 10 മിനിറ്റ്’ എന്ന് മാത്രം പറഞ്ഞ് കോള്‍ കട്ട് ചെയ്തു. പിന്നീട് ഈ നമ്ബറില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. ഇതെല്ലാം ചെയ്തിട്ടും ഒടുവില്‍ രാമനാട്ടുകരയില്‍ കൈ കാണിച്ചു നിർത്തിയാണ് ഹരിതയ്ക്ക് ബസില്‍ കയറാൻ സാധിച്ചത്.
ബസില്‍ കയറിയ ശേഷം കണ്ടക്ടറോട് കാര്യങ്ങള്‍ ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്നുള്ള സ്റ്റോപ്പില്‍ നിന്ന് കയറിയ യാത്രക്കാരും ഇതേ അനുഭവങ്ങള്‍ പങ്കുവെച്ച് കണ്ടക്ടറോട് ചോദിച്ചപ്പോഴും പ്രതികരണം ഉണ്ടായില്ല. കൈയ്യില്‍ ആൻഡ്രോയിഡ് ഫോണ്‍ ഓണ്‍ ചെയ്ത നിലയില്‍ ഇരിക്കുമ്ബോഴാണ് യാത്രക്കാരുമായി സംസാരിക്കാൻ കണ്ടക്ടർ തയാറാകാതിരുന്നത്.