
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്ക്ക് എതിരായ ആക്രമണ ശ്രമത്തെ അപലപിച്ച് ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വിഷയത്തില്‍ കടുത്ത നടപടി തന്നെ വേണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസിനെതിരെ സമൂഹമാധ്യമങ്ങളിൽ തുടരുന്ന അധിക്ഷേപം ആക്രമണം ആസൂത്രിതമെന്ന് തെളിയിക്കുന്നതാണെന്നും ഇത് ജുഡീഷ്യറിയെ കീഴടക്കാനുള്ള ശ്രമം എന്നും ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ തെല്ല് പോലും കുറ്റബോധമില്ലെന്നാണ് ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോർ പ്രതികരിച്ചത്. ശരിയെന്ന് തോന്നിയത് ചെയ്തെന്നും ദൈവമാണ് പ്രേരണയെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം.
പ്രതിഷേധം ശക്തം
വിഷയത്തിൽ രാഷ്ട്രീയ പോരും കടുക്കുകയാണ്. സംഭവം രാജ്യത്തെ ക്രമസമാധാനം തകർന്നതിന്റെ തെളിവെന്നാണ് കോൺഗ്രസ് പറയുന്നത്. സംഭവത്തിൽ രാഷ്ട്രീയം ഇല്ലെന്നും, ഒരു ഇന്ത്യക്കാരനും ഇതിനെ പിന്തുണക്കില്ലെന്നും കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഖ്വാൾ വ്യക്തമാക്കി. സംഘപരിവാറിന്റെ ഭീഷണിയാണിതെന്നും ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സിപിഎം പ്രതികരിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നടപടിയെടുത്ത് ബാര്‍ കൗണ്‍സില്‍
അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടപടി ആരംഭിച്ചിട്ടുണ്ട്. അഭിഭാഷകന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. 15 ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ രാകേഷ് കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം വിട്ടയച്ചിരുന്നു.




