ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി: ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലിറങ്ങി: മന്ത്രിമാരും പ്രതിഷേധത്തിന് ഇറങ്ങിയതോടെ സഭ അലങ്കോലമായി: തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.

Spread the love

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലിറങ്ങി.
പ്രതിപക്ഷ എംഎല്‍എമാരെ തടയാന്‍ വാച്ച്‌ ആന്‍ഡ് വാര്‍ഡര്‍മാരെ നിരത്തിയിരുന്നു. ഗ്യാലറിയിലിരിക്കുന്നത് കുട്ടികളാണെന്നും നിങ്ങളുടെ കോപ്രായം കുട്ടികള്‍ കാണുന്നുണ്ടെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു.

സ്പീക്കറുടെ മുഖം കാണാന്‍ കഴിയുന്നുണ്ടെന്നും പ്രതിപക്ഷ പ്രതിഷേധത്തെ തടയാന്‍ കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം യുഡിഎഫിലും കള്ളന്മാര്‍ ഉണ്ടെന്ന് ആരോപിച്ച വിദ്യാഭ്യാസമന്ത്രി സഭയില്‍ ആരോപിച്ചു. ‘യുഡിഎഫ് ചോര്‍ ഹേ’ എന്ന് മുദ്രാവാക്യ വിളിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. ഇതോടെ മന്ത്രി ശിവന്‍കുട്ടിയുടെ പഴയ സഭപ്രതിഷേധ ദൃശ്യങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തി. ഇതിന് പിന്നാലെ മന്ത്രിമാരും ഭരണ എംഎല്‍എമാരും സഭനടുത്തളത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തി. സഭ താത്കാലികമായി നിര്‍ത്തിവെച്ചു.

പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമാണ്. പലതരം പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്പീക്കറുടെ നിലപാടിനെ അഭിനന്ദിക്കുന്നു. സ്പീക്കര്‍ സമവായത്തിന് ശ്രമിച്ചു. കക്ഷി നേതാക്കളുടെ ചര്‍ച്ചയില്‍ ഭരണനിര പങ്കെടുത്തു. സ്പീക്കറുടെ ഓഫീസില്‍ നിന്ന് വിളിച്ചപ്പോഴാണ് പ്രതിപക്ഷം വരുന്നില്ലെന്ന് അറിഞ്ഞത്. എന്തിനും മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്തിനാണ് വാച്ച്‌ ആന്‍ഡ് വാര്‍ഡിിനെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് പിണറായി ചോദിച്ചു.അവരും മനുഷ്യരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണപ്പാളി വിവാദത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി ഡി സതീശന്‍ പറഞ്ഞു. സഭയില്‍ ചര്‍ച്ച വേണമെങ്കില്‍ നോട്ടീസ് നല്‍കണമെന്ന് എംബി രാജേഷ് പറഞ്ഞു. ചോദ്യോത്തര വേളയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ടാണ് പ്രതിഷേധം ബഹളം വെക്കുന്നത്. തുടര്‍ന്ന് സ്പീക്കര്‍ ക്ഷുഭിതനായി.

പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് ആണ് ആദ്യം നടുത്തളത്തില്‍ ഇറങ്ങിയത്. മുഖ്യമന്ത്രിക്ക് ചുറ്റിലും മന്ത്രിമാരുടെ സംഘം നിലയുറപ്പിക്കുകയും ചെയ്തു. മന്ത്രിമാരും പ്രതിഷേധത്തിന് ഇറങ്ങിയതോടെ സഭ അലങ്കോലമായി. തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.