ഇനി ചുറ്റിക്കറങ്ങണ്ട, വേഗത്തിൽ അക്കരെയെത്താം; അക്കരപ്പാടം-കൂട്ടുങ്കൽ പാലം ഉദ്ഘാടനം ഒക്ടോബർ 14ന്

Spread the love

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ അക്കരപ്പാടം പ്രദേശവാസികളുടെ  ദീർഘകാല സ്വപ്നമായിരുന്ന അക്കരപ്പാടം – കൂട്ടുങ്കല്‍ പാലം ഒക്ടോബർ 14ന് വൈകുന്നേരം നാലിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തില്‍ സി കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തെത്തുടർന്ന് മുൻപ് നിശ്ചയിച്ചിരുന്ന ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു.

മൂവാറ്റുപുഴയാറിന്‍റെ കൈവഴിക്കു കുറുകെ നാനാടം – കൂട്ടുങ്കല്‍ ഫെറിയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. വേമ്പനാട്ടുകായലും മൂവാറ്റുപുഴയാറും അതിരിടുന്ന അക്കരപ്പാടം നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപാണ്. വർഷങ്ങളായി ഗതാഗതസൗകര്യങ്ങളില്ലാതെ അവികസിത സാഹചര്യങ്ങളിൽ കഴിയുന്ന നാട്ടുകാർക്ക് പാലം ജീവിതരേഖയായി മാറുകയാണ്. ഗതാഗതയോഗ്യമായ ഒരു പാലം എന്നത് പ്രദേശവാസികളുടെ പതിറ്റാണ്ടുകളായ സ്വപ്നമായിരുന്നു. പലതവണ പദ്ധതി പ്രഖ്യാപിക്കുകയും തുക അനുവദിക്കുകയും മണ്ണുപരിശോധനവരെ നടക്കുകയും ചെയ്തിട്ടും സാങ്കേതിക തടസ്സങ്ങൾ മൂലം നിർമാണം നീണ്ടുപോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാനാടം – കൂട്ടുങ്കല്‍ ഫെറിയുടെ ഇരുകരകളിലും റോഡിന്‍റെ വീതിക്കുറവായിരുന്നു പാലം നിർമാണത്തിനു പ്രധാന തടസമായി നിന്നിരുന്നത്. പാലം യാഥാർഥ്യമാക്കണമെന്ന പ്രദേശവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി അക്കരപ്പാടം ശശി ചെയർമാനും എ പി നന്ദകുമാർ ചെയർമാനുമായുള്ള ജനകീയ കമ്മിറ്റിയുടെ പ്രയത്നത്തിന്‍റെ ഫലമായി റോഡിന് വീതികൂട്ടാൻ സ്ഥലമേറ്റെടുത്തതോടെയാണ് പാലം യാഥാർഥ്യമാകുന്നത്.

അക്കരപ്പാടം-ഉദയനാപുരം പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി 150 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചത്. ഓരോ 30 മീറ്റർ നീളത്തിലുമായി അഞ്ച് സ്പാനുകളാണ് പാലത്തിനുളളത്. 15.5 കോടി രൂപ വിനിയോഗിച്ചായിരുന്നു പാലത്തിന്‍റെ നിർമാണം.