കണ്ടവരെല്ലാം ഒന്നും ചെയ്യാനാകാതെ നടുങ്ങി നിന്നുപോയി; നദിക്കരയിൽ അലക്കുന്നതിനിടെ സ്ത്രീയെ മുതല പിടിച്ചു; സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

Spread the love

ഭുവനേശ്വർ: നദിയിൽ വസ്ത്രങ്ങൾ കഴുകുന്നതിനിടെ സ്ത്രീയെ മുതല പിടിച്ചു. 57 വയസ്സുകാരിയെ മുതല നദിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടുനിൽക്കാനേ കൂടെയുള്ളവർക്ക് കഴിഞ്ഞുള്ളൂ. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലെ ഖരസ്‍സ്രോത നദിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

ബിൻജാർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാന്തിയ ഗ്രാമത്തിലെ സൗദാമിനി മഹലയെയാണ് മുതല പിടിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ നദിയിൽ വസ്ത്രങ്ങൾ കഴുകാനും കുളിക്കാനുമായാണ് സൗദാമിനി വന്നത്. അതിനിടെ ആരും പ്രതീക്ഷിക്കാത്ത നേരത്ത് മുതല നദിയിൽ നിന്നും പൊങ്ങി വരികയായിരുന്നു. നദിക്കരയിലുണ്ടായിരുന്ന ഗ്രാമീണർ ഉറക്കെ നിലവിളിച്ചു. മുതലയെ എങ്ങനെ നേരിടുമെന്ന് അറിയാതെ നിന്നു. ചിലർ ശബ്ദമുണ്ടാക്കി മുതലയുടെ  ശ്രദ്ധ മാറ്റി സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ ആ ശ്രമം വിജയിച്ചില്ല.

തെരച്ചിൽ തുടങ്ങി അഗ്നിശമന സേനയും പൊലീസും

ചിലർ നദിയിലേക്ക് സ്വന്തം ജീവൻ വകവെയ്ക്കാതെ എടുത്തുചാടിയെങ്കിലും രക്ഷിക്കാനായില്ലെന്ന് ദൃക്‌സാക്ഷിയായ നബ കിഷോർ മഹല പറഞ്ഞു. പക്ഷേ മുതല പിടിവിടാൻ തയ്യാറായില്ല. സ്ത്രീയുമായി നദിയുടെ ആഴമുള്ള ഭാഗത്തേക്ക് പോയി. തുടർന്ന് അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി. നദിയിൽ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.