മോഷണ കേസിൽ പ്രതിയായ ഭർത്താവിനെ കുടുക്കിയത് ഭാര്യ: ഭർത്താവിനെ കാണാനില്ലെന്ന പരാതിയാണ് വിനയായത്: ഒടുവിൽ കോട്ടയത്തെ മോഷണ കേസിന് തുമ്പായി: സംഭവം ഇങ്ങനെ

Spread the love

കോട്ടയം: വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിലെ പ്രതി പോലീസിന്റെ പിടിയില്‍.
ചക്കാമ്പുഴ കരോട്ടു കാവാലംകുഴിയില്‍ കെ.ജി. നിഖില്‍ (33) ആണ് പിടിയിലായത്.

ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാളെ കണ്ടെത്തുകയും മോഷണ കേസില്‍ പോലീസ് തിരയുന്ന പ്രതിയാണെന്ന് തിരിച്ചറിയുകയുമായിരുന്നു.

കഴിഞ്ഞ 24-ന് വൈകീട്ട് ഏറ്റുമാനൂർ കിഴക്കുംഭാഗം മന്നത്തൂർ കോളനിക്ക് സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്. പ്രതി വീടിന്റെ ഹാളില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ കഴുത്തില്‍ നിന്നുമായി രണ്ടുപവൻ തൂക്കം വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതിയെ കാണാനില്ലെന്ന് കാണിച്ച്‌ ഭാര്യ പോലീസില്‍ പരാതി നല്‍കുന്നത്.

പ്രദേശത്ത് എട്ടുമാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു നിഖില്‍. അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞദിവസം എറണാകുളത്ത് പള്ളിമുക്കിന് സമീപത്ത് വെച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. അപ്പോഴാണ് മാല മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. പ്രതിയെ കോടതി റിമാൻഡുചെയ്തു.