ശബരിമല സ്വർണമോഷണം: ‘ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ല, പോറ്റി ഒരുകാര്യത്തിനും തന്നെ സമീപിച്ചിട്ടില്ല’; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണ മോഷണ വിവാ​ദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്ന് വാസു പ്രതികരിച്ചു. പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു കൂട്ടിച്ചേർത്തു.

സ്വർണപാളി, ദ്വാരപാലക ശിൽപങ്ങൾ നൽകുമ്പോൾ താൻ കമ്മീഷണറോ പ്രസിഡൻ്റോ ആയിരുന്നില്ല. വാതിൽ മാറ്റാൻ തനിക്കു മുന്നേ തീരുമാനമെടുത്തുവെന്നും എൻ വാസു വ്യക്തമാക്കി. ചെമ്പ് പാളിയിൽ വിശദീകരണം നൽകേണ്ടത് താനല്ല. പാളികള്‍ കൊണ്ടുപോകുമ്പോള്‍ താൻ അധികാരത്തിലില്ല. സ്വര്‍ണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ക്രമക്കേടുകളെകുറിച്ച് തനിക്ക് അറിവില്ലെന്നും എൻ വാസു പറഞ്ഞു. തൂക്കത്തിൽ വന്ന കുറവ് തന്‍റെ ശ്രദ്ധയിൽ ആരും കൊണ്ടുവന്നില്ല. അന്ന് ഒരു ആക്ഷേപവും ഉണ്ടാകാത്തതിനാൽ അന്വേഷിക്കേണ്ടി വന്നില്ല.

പോറ്റിയുടെ ഇ മെയിൽ ലഭിച്ചെന്ന കാര്യവും എൻ വാസു സ്ഥിരീകരിച്ചു. ആ ഇമെയിൽ തിരുവാഭരണം കമ്മീഷണര്‍ക്ക് കൈമാറി. കമ്മീഷണര്‍ക്ക് ഇമെയിൽ കൈമാറിയത് സ്വാഭാവിക നടപടിയാണ്. തിരുവാഭരണം കമ്മീഷണര്‍ നടപടിയെടുത്തിട്ടില്ല. തന്‍റെ നടപടിയിൽ ഒരു പിശകും കാണുന്നില്ലെന്നും എൻ വാസു പറഞ്ഞു. പരിശോധിക്കേണ്ട ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണര്‍ക്കാണ്.  ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ട് കിട്ടാതെ ഒന്നും ചെയ്യൻ കഴിയില്ലെന്നും വാസു വ്യക്തമാക്കി.  വിവാദത്തിൽ ആദ്യമായി പ്രതികരിക്കുകയായിരുന്നു എൻ വാസു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group