ചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം; കോടതി മുറിക്കുള്ളില്‍ ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകന്‍

Spread the love

ദില്ലി: ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിക്കുള്ളിൽ അതിക്രമ ശ്രമം. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്ക് നേരെ ഷൂ ഏറിയാനുള്ള ശ്രമം നടന്നത്. സനാതന ധര്‍മ്മത്തിനെതിരായി ചീഫ് ജസ്റ്റിസ് പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകന്‍ എത്തുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാന്‍ ശ്രമിച്ചു എന്നുമാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് സുപ്രീം കോടതിയുടെ സുരക്ഷാ ജീവനക്കാര്‍ ഇടപെടുകയും അഭിഭാഷകനെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. 71 വയസുള്ള രാകേഷ് കിഷോർ എന്ന അഭിഭാഷകനാണ് അതിക്രമ ശ്രമം നടത്തിയത്. ഇയാളെ പൊലീസിന് കൈമാറിയിട്ടുണ്ട്. തൻ്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിന് നേരെ മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ പറയുന്നുവെന്നും അഭിഭാഷകൻ പ്രതികരിച്ചു.

കോടതിയില്‍ അറങ്ങേറിയ നാടകീയ സംഭവങ്ങളില്‍ കുറച്ചുനേരം പരിഭ്രാന്തി നിലനിന്നെങ്കിലും പിന്നീട് കോടതി നടപടികൾ തുടര്‍ന്നു. നേരത്തെ ഒരു കേസ് പരിഗണിക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് നടത്തിയ പരാമര്‍ശങ്ങളാണ് ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. ബജാറാവുവിലെ ഏഴടി ഉയരമുള്ള വിഷ്ണുവിന്‍റെ വിഗ്രഹം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഒരു കേസ് കോടതിക്ക് മുമ്പില്‍ എത്തിയിരുന്നു. അപ്പോഴാണ് നിങ്ങളുടെ ദൈവത്തോട് പറയു എന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചത്. പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങൾ ഉയരുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് ഇന്നുണ്ടായ സംഭവം കോടതി നടപടികളെ ബാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group