ഏഷ്യാ കപ്പില്‍ സഞ്ജു ചെയ്തപ്പോള്‍ നോട്ടൗട്ട്; ലോകകപ്പില്‍ ദീപ്തി ശര്‍മ ചെയ്തപ്പോള്‍ ഔട്ട്; ഇന്ത്യ-പാക് പോരാട്ടത്തില്‍ റണ്‍ ഔട്ട് വിവാദം

Spread the love

കൊളംബോ: ഇന്ത്യാ-പാകിസ്ഥാന്‍ വനിതാ ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ റണ്‍ ഔട്ട് വിവാദം. പാക് ഓപ്പണര്‍ മുനീബ അലിയെ ദീപ്തി ശര്‍മ റണ്‍ ഔട്ടാക്കിയതാണ് വിവാദമായത്. ക്രാന്തി ഗൗഡ‍് എറിഞ്ഞ നാലാം ഓവറിലെ അവസാന പന്തിലായിരുന്നു വിവാദ റണ്‍ ഔട്ട്.

ക്രാന്തി ഗൗഡിന്‍റെ പാഡില്‍ തട്ടിയ പന്തില്‍ മുനീബ അലിക്കെതിരെ ഇന്ത്യ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ ഇത് നിരസിച്ചു. എന്നാല്‍ ഇതിനിടെ ഇന്ത്യയുടെ അപ്പീലില്‍ അമ്പയറുടെ പ്രതികരണം നോക്കി ക്രീസില്‍ നിന്നിറങ്ങി നില്‍ക്കുകയായിരുന്നു മുനീബ. ബാറ്റ് ക്രീസില്‍ കുത്തിയിരുന്നെങ്കിലും അലക്ഷ്യമായി ബാറ്റ് ഉയര്‍ത്തിയ നിമിഷം ദീപ്തി ശര്‍മയുടെ ത്രോ ബെയ്‌ൽസിളക്കി. ഇതോടെ ഇന്ത്യ റണ്ണൗട്ടിനായി അപ്പീല്‍ ചെയ്തു. റീപ്ലേകളില്‍ ദീപ്തി ശര്‍മയുടെ ത്രോ ബെയ്ല്‍സിളക്കുമ്പോള്‍ മുനീബയുടെ ബാറ്റ് വായുവിലാണെന്ന് വ്യക്തമാതോടെ അമ്പയര്‍ റൺ ഔട്ട് വിധിച്ചു.

തര്‍ക്കിച്ച് പാകിസ്ഥാന്‍

ഐസിസി നിയമത്തില്‍ റണ്‍ ഔട്ട് സമയത്ത് ബാറ്റര്‍ ക്രീസില്‍ ഒരു തവണ എത്തിയശേഷം വീണ്ടും ബാറ്റ് വായുവിലാണെങ്കിലും അത് റണ്‍ ഔട്ടാവില്ലെന്നാണ് പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാന്‍ ക്യാപ്റ്റൻ ഫാത്തിമ സന ടിവി അമ്പയറുമായി തര്‍ക്കിച്ചത്. എന്നാല്‍ റണ്‍ ഔട്ട് സമയത്ത് ക്രീസിലേക്ക് ബാറ്റര്‍ ഡൈവ് ചെയ്യുമ്പോൾ മാത്രമാണ് ഈ ആനുകൂല്യം കിട്ടൂ എന്ന് അമ്പയ‍ർ സന ഫാത്തിമയെ ബോധിപ്പിച്ചു. മുനീബ അലി റണ്‍ ഔട്ടായത് ക്രീസില്‍ അലക്ഷ്യമായി നില്‍ക്കുമ്പോഴായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഷ്യാ കപ്പില്‍ സഞ്ജു ചെയ്തത്

ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ ബീറ്റണായി ക്രീസ് വിട്ടോടിയ ദാസുന്‍ ഷനകയെ സഞ്ജു സാംസണ്‍ സമാനമായ രീതിയില്‍ റണ്‍ ഔട്ടാക്കിയിരുന്നു. എന്നാല്‍ അര്‍ഷ്ദീപ് സിംഗ് ക്യാച്ചിനായി അപ്പീല്‍ ചെയ്യുകയും അമ്പയര്‍ അത് ഔട്ട് വിധിക്കുകയും ചെയ്തതതിനാല്‍ സഞ്ജുവിന്‍റെ റണ്‍ ഔട്ട് കണക്കിലെടുത്തില്ല. ക്യാച്ച് ഔട്ട് അല്ലെന്ന് റീപ്ലേകളില്‍ വ്യക്തമായെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ തന്നെ പന്ത് ഡെഡ് ആയി കണക്കാക്കണമെന്ന നിയമമാണ് ഷനകക്ക് തുണയയായത്. എന്നാല്‍ ഇന്നലെ മുനീബയെ അമ്പയര്‍ ഔട്ട് വിളിച്ചിരുന്നില്ല.