മുസ്ലിം രോഗികളെ ചികിത്സിക്കില്ലെന്ന് ഡോക്ടർ ; മതത്തിന്റെ പേരിൽ ചികിത്സ നിഷേധിച്ചെന്ന് ഗർഭിണിയുടെ ആരോപണം

Spread the love

ലഖ്നൗ: ഉത്തർപ്രദേശിലെ ജോൻപൂരിൽ മതത്തിന്റെ പേരിൽ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം. ജില്ലാ ആശുപത്രിയിലെ ഡോക്ടർ പ്രസവം നടത്താൻ വിസമ്മതിച്ചുവെന്ന് യുവതിയും ഭർത്താവും ആരോപിച്ചു. ഷമ പർവീൻ എന്ന സ്ത്രീയാണ് ആരോപണവുമായി രം​ഗത്തെത്തിയത്. ഒക്ടോബർ രണ്ടിനാണ് സംഭവമെന്ന് പറയുന്നു. മുസ്ലീം രോഗികളെ ചികിത്സിക്കില്ലെന്ന് ഡോക്ടർ പറഞ്ഞതായി ഇവർ പറഞ്ഞു.യുവതി സംഭവം വിവരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു.

ആശുപത്രിയിൽ ഉണ്ടായിരുന്ന രണ്ട് മുസ്ലീം സ്ത്രീകളെ ചികിത്സിക്കാൻ ഡോക്ടർ വിസമ്മതിച്ചുവെന്ന് ഇവരുടെ ഭർത്താവും ആരോപിച്ചു. വർഗീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കരുതെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടെങ്കിലും അവ​ഗണിച്ചെന്നും പറയുന്നു. മുസ്ലീം രോഗികളെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർ എല്ലാ നഴ്‌സുമാരോടും പറഞ്ഞതായും പർവീൺ ആരോപിച്ചു. വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെങ്കിലും പൊലീസിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം, ജൗൻപൂർ വനിതാ ജില്ലാ ആശുപത്രി ഭരണകൂടം ആരോപണത്തെക്കുറിച്ച് ഡോക്ടറോട് വിശദീകരണം തേടി.