video
play-sharp-fill

Tuesday, October 7, 2025

ഉത്തരാഖണ്ഡിൽ കാണാതായ മാധ്യമപ്രവർത്തകൻ മരിച്ച നിലയിൽ; അപകട മരണമെന്ന് പൊലീസ്; ദുരൂഹതയെന്ന് കുടുംബം

Spread the love

ദില്ലി: ഉത്തരാഖണ്ഡിൽ മാധ്യമപ്രവർത്തകനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി ഉത്തരാഖണ്ഡ് ലൈവ് എന്ന യൂട്യൂബ് ചാനൽ വഴി വാർത്തകൾ പുറത്തെത്തിച്ചിരുന്ന മാധ്യമപ്രവർത്തകൻ രാജീവ് പ്രതാപാണ് മരിച്ചത്. ഉത്തരകാശി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് രാജീവ് പുറത്തുകൊണ്ടുവന്ന വാർത്തകളെ തുടർന്ന് ഇദ്ദേഹത്തിന് വധഭീഷണി ഉണ്ടായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു. എന്നാൽ കുടുംബത്തിൻ്റെ ആരോപണം തള്ളുകയാണ് പൊലീസ്. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

സെപ്തംബർ 18ന് രാജീവ് പ്രതാപിനെ കാണാതായിരുന്നു. തൊട്ടടുത്ത ദിവസം രാജീവിനെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. സെപ്തംബർ 28 ന് ജോഷിയാരാ ബാരേജിന് സമീപത്താണ് രാജീവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജീവ് അമിതമായി മദ്യപിച്ചിരുന്നുവെന്നും ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതാണ് അപകടകാരണമെന്നും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വാദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഎസ്‌പി ജനക് പൻവറിൻ്റെ നേതൃത്വത്തിലാണ് കേസിൽ പ്രത്യേക അന്വേഷണം നടക്കുന്നത്. ഉത്തരകാശിയിലെ ഹെഡ് കോൺസ്റ്റബിൾ സോബൻ സിങിനെ കാണാൻ രാജീവും ക്യാമറമാൻ മൻവീർ കലൂഡയും വന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് മൂവരും ചേർന്ന് മദ്യപിച്ചുവെന്നാണ് പൊലീസ് വാദം. ശേഷം ക്യാമറമാൻ സ്വന്തം വീട്ടിലേക്ക് മടങ്ങി. സോബൻ സിങും രാജീവും മാർകറ്റ് പരിസരത്തേക്ക് കാർ ഓടിച്ച് പോയി.

ഇവിടെ നിന്ന് ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലിലേക്ക് പോയി. രാത്രി 11 മണിയോടെ രാജീവ് മാത്രം ഹോട്ടലിൽ നിന്ന് പുറത്തേക്ക് വന്നു. ഈ സമയത്ത് ഇദ്ദേഹം മദ്യപിച്ച് ലക്കുകെട്ടാണ് നടന്നതെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി പറയുന്നു. അധികം വൈകാതെ സോഭൻ സിങും ഇവിടേക്ക് വന്നു. ഇരുവരും കാറിൽ കയറിയ ശേഷം സോഭൻ സിങ് പുറത്തേക്കിറങ്ങി. പിന്നീട് കാറിലിരുന്ന രാജീവിനോട് സോഭൻ സിങ് കാറിന് പുറത്ത് നിന്ന് സംസാരിച്ചു. പിന്നാലെ രാജീവ് കാർ ഓടിച്ച് പോയി. അവസാനമായി സെപ്തംബർ 18 ന് രാത്രി 11.38 ന് ഗംഗോത്രി പാലത്തിന് സമീപത്താണ് രാജീവ് സഞ്ചരിച്ച കാർ കണ്ടത്.

ഗംഗോത്രി പാലത്തിൽ നിന്ന് 600 മീറ്റർ താഴെ നിന്നും അടുത്ത ദിവസം രാജീവിൻ്റെ കാർ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. അന്ന് രാത്രി മനേറി അണക്കെട്ട് തുറന്നിരുന്നുവെന്നും അതിശക്തമായ ഒഴുക്കിൽ രാജീവിൻ്റെ മൃതദേഹം ഒഴുകിപ്പോയതാകാമെന്നുമാണ് പൊലീസ് ഭാഷ്യം. വയറിലും നെഞ്ചിലുമായുണ്ടായ പരിക്കിനെ തുടർന്നുള്ള ആന്തരിക രക്തസ്രാവവും ഞെട്ടലുമാണ് മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ കേസന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് തിടുക്കം കാട്ടുകയാണെന്നും അതിനായി അതിവേഗം നിഗമനങ്ങളിലേക്ക് പൊലീസ് എത്തുകയാണെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. രാജീവിൻ്റെ കണ്ണിലും തലയിലും അടക്കം ശരീരത്തിൽ പലയിടത്തും പരിക്കുകളുണ്ട്. രാജീവിൻ്റെ ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങൾ പൊലീസ് തങ്ങൾക്ക് കൈമാറിയില്ല. രാജീവിനൊപ്പം അവസാനം ഉണ്ടായിരുന്നുവെന്ന് പറയുന്ന സോഭൻ സിങ് ജോലി ചെയ്യുന്ന സ്റ്റേഷനിലെ പൊലീസുകാരാണ് കേസ് അന്വേഷിക്കുന്നതെന്നും കുടുംബം പറയുന്നു. ഇത്തരമൊരു അന്വേഷണം കൊണ്ട് എന്ത് കാര്യമെന്നും അവർ ചോദിച്ചു.