
കടുത്തുരുത്തി: ഒരു പവൻ സ്വർണത്തിന് വില തൊണ്ണൂറായിരത്തിനരികെ. ഈ പൊന്നും വിലയോ തിളക്കമൊ ഒന്നും ബസ് വൃത്തിയാക്കുന്നതിനിടെ കയ്യിൽകിട്ടിയ ഒരുപവൻ തൂക്കം വരുന്ന സ്വർണ ചെയിൻ ഉടമയ്ക്ക് തിരികെ നൽകാൻ മനസ്സിന് തടസ്സമായില്ല.
കോട്ടയം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്നേഹസാന്ദ്ര ബസിലെ കണ്ടക്ടർ മാഞ്ഞൂർ ധന്വന്തരി ഭവനിൽ സുധീർ ചന്ദ്രൻ (49), ഡ്രൈവർ കോട്ടയം കുറിച്ചി മന്ദിരം പുത്തൻപറമ്പിൽ എസ്.സന്തോഷ് (47) എന്നിവരുടെ നല്ല മനസ്സിന് സ്വർണത്തെക്കാൾ വിലയുണ്ടെന്ന് ഇരുവരുടെയും സത്പ്രവർത്തി തെളിയിക്കുന്നു.
കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് വൈക്കം കാട്ടിക്കുന്ന് സ്വദേശിനിയായ റവീബ സിനിയ (23) പുത്തൻകാവിൽനിന്ന് തൃപ്പൂണിത്തുറയ്ക്ക് പോകാൻ ഇവരുടെ ബസിൽ കയറിയത്. ഡ്രൈവറുടെ പിന്നിലുള്ള നാലാമത്തെ സീറ്റിലാണ് യുവതി യാത്ര ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃപ്പൂണിത്തുറയിൽ ബസിറങ്ങിയ ശേഷമാണ് വലതു കൈയ്യിലുണ്ടായിരുന്ന സ്വർണ ചെയിൻ നഷ്ടപ്പെട്ട വിവരം യുവതി അറിയുന്നത്. ഉടൻതന്നെ ബന്ധുക്കളെ വിവരം അറിയിക്കുകയും അവരെത്തി ബസ് ജീവനക്കാരുമായി ചേർന്ന് ബസിലും മറ്റ് സ്ഥലങ്ങളിലുമടക്കം തിരച്ചിൽ നടത്തിയെങ്കിലും സ്വർണ ചെയിൻ കണ്ടെത്താനായില്ല.
വൈകീട്ട് കോട്ടയത്തെത്തിയശേഷം ജീവനക്കാർ ചേർന്ന് ബസ് വൃത്തിയാക്കുന്നതിനിടെ കണ്ടക്ടർ സുധീർ ചന്ദ്രനാണ് സീറ്റിനിടയിൽ കുടുങ്ങി കിടക്കുന്ന സ്വർണ ചെയിൻ കണ്ടത്. ഉടൻതന്നെ സീറ്റ് അഴിച്ചുമാറ്റി ആഭരണത്തിന് യാതൊരു കേടുപാടും പറ്റാതെ സുധീറും ഡ്രൈവർ സന്തോഷും ചേർന്ന് ചെയിൻ പുറത്തെടുത്തു.
ഉടൻതന്നെ സ്വർണ ചെയിൻ കിട്ടിയ വിവരം ജീവനക്കാർ ബസുടമ ചിറയിൽ ജെയ്‌മോൻ വഴി യുവതിയുടെ ബന്ധുക്കളെ അറിയിച്ചു. യുവതിയുടെ സഹോദരൻ എ. അർഷാദ്, പിതാവ് കെ.പി. അബൂബക്കർ എന്നിവരെത്തി ബസ് ജീവനക്കാരിൽനിന്ന് നഷ്ടപ്പെട്ടെന്നു കരുതിയ സ്വർണ ചെയിൻ തിരികെ വാങ്ങുകയായിരുന്നു.
25 വർഷമായി ബസ് തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ് സുധീർ ചന്ദ്രനും സന്തോഷും. ഇതിനുമുമ്പും ഇരുവരും പലതവണ കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങളും രേഖകളും തിരികെ നൽകി മാതൃകയായവരാണ്.



