play-sharp-fill
നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി മരണം: തെളിവ് നശിപ്പിച്ച പൊലീസുകാരും കേസിൽ പ്രതിയാകും; എസ്.പിയെ കുടുക്കുന്ന തെളിവുകൾ ശേഖരിച്ച് ക്രൈംബ്രാഞ്ച് സംഘം; നെടുങ്കണ്ടം സ്റ്റേഷനിൽ നിന്നും കുരുമുളക് സ്‌പ്രേയും കണ്ടെത്തി

നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി മരണം: തെളിവ് നശിപ്പിച്ച പൊലീസുകാരും കേസിൽ പ്രതിയാകും; എസ്.പിയെ കുടുക്കുന്ന തെളിവുകൾ ശേഖരിച്ച് ക്രൈംബ്രാഞ്ച് സംഘം; നെടുങ്കണ്ടം സ്റ്റേഷനിൽ നിന്നും കുരുമുളക് സ്‌പ്രേയും കണ്ടെത്തി

സ്വന്തം ലേഖകൻ

തൊടുപുഴ: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഹരിത ഫിനാൻസ് ഉടമ രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും. മുൻ ജില്ലാ പൊലീസ് മേധാവി വേണുഗോപാൽ അടക്കമുള്ളവർക്കെതിരെ ക്രൈംബ്രാഞ്ച് ന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു തുടങ്ങി. കേസിൽ അറസ്റ്റിലായവർക്കു പിന്നാലെ തെളിവുകൾ നശിപ്പിക്കാൻ കൂട്ടു നിന്ന പൊലീസുകാർക്കെതിരെയും ക്രൈംബ്രാഞ്ച് തെളിവ് ശേഖരിക്കുന്നുണ്ട്. ഇതിനിടെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിന്നും ക്രൈംബ്രാ്ഞ്ച് സംഘം കുരുമുളക് സ്‌പ്രേയും കണ്ടെടുത്തു.
ഇതോടെ സംഭവത്തിൽ മർദ്ദിച്ച പോലീസുകാർക്കൊപ്പം തെളിവ് നശിപ്പിച്ചവരും കുടുങ്ങും. തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം.
കേസിൽ നിർണ്ണായകമായ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്ത എ.എസ്.ഐ റെജിമോനെയും പൊലീസ് ഡ്രൈവർ നിയാസിനെയും ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്തു. ആദ്യമൊക്കെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും തെളിവുകൾ നിരത്തിയുള്ള എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഇരുവരും അടിയറവ് പറഞ്ഞു. ഇതിൽ നിയാസ് അന്വേഷണസംഘത്തിന് മുന്നിൽ കുറ്റമേറ്റുപറഞ്ഞ് പൊട്ടിക്കരഞ്ഞതായാണ് സൂചന.

ഒമ്പതോളം പൊലീസുകാർ രാജ്കുമാറിനെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിൽ എസ്ഐ അടക്കം നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. മർദ്ദിച്ച ബാക്കിയുള്ളവരെ കൂടെ ഉടൻ അറസ്റ്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. സ്റ്റേഷൻ റെക്കോർഡുകളിൽ തിരിമറി നടത്തി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്യും. എസ്ഐ സാബുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം ചൊവ്വാഴ്ച പീരുമേട് കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. കസ്റ്റഡിയിൽ ലഭിച്ചാലുടൻ ചോദ്യം ചെയ്ത് ബാക്കിയുള്ളവരുടെ അറസ്റ്റിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
രാജ്കുമാർ ജനങ്ങളിൽ നിന്ന് തട്ടിയെടുത്ത പണം സൂക്ഷിച്ച സ്ഥലം കണ്ടെത്താനാണ് മർദ്ദിച്ചതെന്ന് കസ്റ്റഡിയിൽ ഉള്ള പൊലീസ് ഉദ്യോഗസ്ഥർ മൊഴി നൽകി. രാവിലെ പത്ത് മണിയോടെ നിയാസാണ് ക്രൈംബ്രാഞ്ചിന്റെ ക്യാമ്പ് ഓഫീസായ നെടുങ്കണ്ടം പി.ഡബ്‌ളിയു.ഡി റസ്റ്റ് ഹൗസിൽ ആദ്യമെത്തിയത്. കാറിലെത്തിയ നിയാസിനൊപ്പം സഹോദരനും അളിയനും അടുത്ത സുഹൃത്തുക്കളുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടെ പൊലീസ് കാന്റീനിൽ നിന്ന് ഇരുവർക്കും ഉച്ചഭക്ഷണം വരുത്തി നൽകി. ഉച്ചകഴിഞ്ഞ് തെളിവുകൾ അക്കമിട്ട് നിരത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിച്ചതോടെ അറസ്റ്റിനുള്ള നടപടികളാരംഭിച്ചു. ഇരുവരുടെയും വീട്ടുകാരെ അന്വേഷണസംഘം അറസ്റ്റ് സംബന്ധിച്ച വിവരമറിയിച്ചു. തുടർന്ന് 5.30ന് അറസ്റ്റ് രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് തെളിവെടുപ്പ് ആരംഭിച്ചു. ആറ് മണിയോടെ നിയാസിനെ റസ്റ്റ്ഹൗസിന് അടുത്ത് തന്നെയുള്ള നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു. രാജ്കുമാറിനെ മർദ്ദിച്ച സ്റ്റേഷനിലെ മുകളിലെ വിശ്രമ മുറിയിൽ തെളിവെടുപ്പ് തുടങ്ങി 7.30ന് ഇവിടേക്ക് എ.എസ്.ഐ റെജിമോനെയും കൊണ്ടുവന്നു. രാജ്കുമാറിനെ മർദ്ദിച്ചതെങ്ങനെയെന്ന് ഇരുവരും വിവരിച്ചു. ഇവിടെ നിന്ന് രാജ്കുമാറിനെ മർദ്ദിക്കാനുപയോഗിച്ച ലാത്തി അന്വേഷണസംഘം കണ്ടെടുത്തു. സ്റ്റേഷനിലെ പരിശോധനയിൽ മുളക് സ്പ്രേയും കണ്ടെടുത്തു. സ്റ്റേഷനിൽ വരുന്ന പ്രതികളെ സ്ഥിരമായി പീഡിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതാണിതെന്നാണ് സൂചന. തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴും തിരിച്ച് കൊണ്ടുവന്നപ്പോഴും നിയാസ് മുഖം മറച്ച് പൊലീസ് വാഹനത്തിനുള്ളിൽ കുനിഞ്ഞിരുന്നു. എന്നാൽ റെജിമോന് ഒരു കൂസലുമില്ലായിരുന്നു. രാത്രി വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് രാവിലെയോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും. ഇതിനിടെ വായ്പാ തട്ടിപ്പ് കേസിലെ പ്രതി മഞ്ജുവിനെയും തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. മറ്റൊരു പ്രതിയായ ശാലിനിയെ ഇന്ന് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടുണ്ട്. അതേസമയം തുടർച്ചയായി നാലുദിവസം രാജ്കുമാറിനെ പ്രാകൃതമായി മർദ്ദിച്ച നടപടി നെടുങ്കണ്ടം സ്റ്റേഷനിലെ ചില പൊലീസുകാർ ചോദ്യംചെയ്തിരുന്നു. ഇനിയും മർദ്ദനം തുടർന്നാൽ ഇയാൾ മരിച്ചുപോകുമെന്ന് അറസ്റ്റിലായ എസ്.ഐയോട് പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചു. റെജിമോന്റെയും നിയാസിന്റെയും അറസ്റ്റ് വൈകുന്നതായി ആക്ഷേപമുയർന്നിരുന്നു. സ്റ്റേഷനിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികളുടെ വൈരുദ്ധ്യമാണ് അറസ്റ്റ് വൈകാൻ ഇടയാക്കിയത്.