
ശബരിമല സ്വർണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് നടൻ ജയറാം. അയ്യപ്പൻ നല്‍കിയ നിയോഗമാണെന്ന് കരുതിയാണ് പൂജ ചെയ്തതെന്നും ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും ജയറാം പറഞ്ഞു. മാത്രമല്ല അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ ശബരിമലയില്‍ പോകുന്നതാണെന്നും, പെട്ടെന്ന് വിളിച്ച് എന്റെ സ്വപ്‌നത്തില്‍ ജയറാം വന്ന് പൂജ ചെയ്യുന്നത് കണ്ടെന്ന് പോറ്റി പറഞ്ഞപ്പോള്‍ അയ്യപ്പന്‍ തന്ന നിയോഗമാണെന്ന് വിചാരിച്ചാണ് ചെയ്തതെന്നും. പക്ഷേ ഇത്രയും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചുവെന്നും എപ്പോള്‍ വേണമെങ്കിലും എന്തിന് വേണമെങ്കിലും വിളിച്ചോളൂവെന്ന് പറഞ്ഞുവെന്നും ജയറാം വ്യക്തമാക്കി.
അയ്യപ്പന്റെ ഒരു രൂപ എങ്കിലും എടുത്താല്‍ ശിക്ഷാ കിട്ടുമെന്നും അയ്യപ്പൻ എല്ലാം കാണുന്നുണ്ടെന്ന് അറിയണമെന്നും ഉണ്ണികൃഷ്ണൻ പോറ്റി തന്നോട് ഒരു രൂപ പോലും ചോദിച്ചിട്ടില്ലെന്നും ജയറാം പറഞ്ഞു. ഇതിനിടയില്‍ ജയറാമില്‍ നിന്ന് വിശദമായി മൊഴിയെടുക്കാനാണ് ദേവസ്വം വിജിലന്‍സിന്റെ തീരുമാനമെന്നാണ് സൂചന. ഇപ്പോള്‍ രേഖപ്പെടുത്തിയത് പ്രാഥമിക മൊഴിയാണെന്നും വിജിലന്‍സ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് തന്നത് ചെമ്ബ് പാളിയാണെന്നും ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ്.തനിക്ക് നല്‍കിയ പാളികളില്‍ മുൻപ് സ്വർണം പൂശിയിരുന്നോന്ന് അറിയില്ലയെന്നും പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്നെ തെറ്റുകാരനാക്കാനാണ് ശ്രമം നടക്കുന്നതെന്നും പറഞ്ഞു. ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിർത്തിക്കൊണ്ടായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചത്.