
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നടൻ ജയറാമിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. എത്ര നിഷ്കളങ്കമായി ഭക്തിയുടെ പേരിൽ ആണെന്ന് പറഞ്ഞാലും ജയറാമിന്റെ നിലപാട് അംഗീകരിക്കാൻ ആകില്ലെന്നാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് നേമം ഷജീർ അഭിപ്രായപ്പെട്ടത്. ശബരിമലയിലെ സ്വർണവാതിൽ വീട്ടിൽ കൊണ്ട് വന്നപ്പോൾ അക്കാര്യം ജയറാം അധികാരികളെ അറിയിക്കണമായിരുന്നു എന്നും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ പറഞ്ഞു. എന്നാൽ ജയറാമിന്‍റെ ഭാഗത്ത് നിന്നും അങ്ങനെയൊരു നടപടി ഉണ്ടായില്ല. ജയറാമിനെ പോലെ ഉത്തരവാദപ്പെട്ട ഒരു നടന് എങ്ങനെയാണ് ശബരിമല വിഷയത്തിൽ ഇത്ര നിസ്സാരമായി കാര്യങ്ങൾ കാണാൻ കഴിയുന്നതെന്നും നേമം ഷജീർ ചോദിച്ചു.
സ്വർണപ്പാളി വിവാദത്തിൽ ജയറാമിന്‍റെ പ്രതികരണം
ശബരിമല സ്വർണപ്പാളി വിവാദത്തിൽ സത്യം പുറത്തുവരട്ടെയെന്നാണ് നടൻ ജയറാം ഇന്ന് പ്രതികരിച്ചത്. അയ്യപ്പന്റെ സമ്മാനം ആയി കരുതിയാണ് പൂജയിൽ പങ്കെടുത്തതെന്നും വർഷങ്ങൾക്ക് ശേഷം പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും ജയറാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയ്യപ്പന്റെ ഒരു രൂപ എങ്കിലും എടുത്താൽ ശിക്ഷാ കിട്ടും. അയ്യപ്പൻ എല്ലാം കാണുന്നുണ്ടെന്ന് അറിയണം. ഉണ്ണികൃഷ്ണൻ പോറ്റി തന്നോട് ഒരു രൂപ പോലും ചോദിച്ചിട്ടില്ല. അയ്യപ്പന്റെ സമ്മാനം ആയി കരുതിയാണ് അന്ന് പൂജയിൽ പങ്കെടുത്തത്. വർഷങ്ങൾക്ക് ശേഷം പ്രശ്നമാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം വിവരിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ദേവസ്വം ബോർഡ്
സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച് ദേവസ്വം ബോർഡ്. സ്മാർട്ട് ക്രിയേഷൻസുമായി പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. ഇനി സ്വന്തം നിലയിൽ നേരിട്ട് ഇടപാടുകൾ നടത്തുമെന്നാണ് തീരുമാനം. 2019 ൽ ചെന്നൈയിൽ സ്വർണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാർട്ട് ക്രിയേഷൻസ് വാറന്റി എഴുതിയത്. 40 വർഷത്തേക്കായിരുന്നു വാറണ്ടി. ഇത് ഉപേക്ഷിക്കുന്നതിലൂടെ 18 ലക്ഷം രൂപയുടെ നഷ്ടമാണ് ബോർഡിന് വരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് വാറണ്ടി ഉപേക്ഷിക്കാൻ ബോർഡ് തീരുമാനമെടുത്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്വം ബോർഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല, പി എസ് പ്രശാന്ത്
ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വർണ്ണപ്പാളി ചെന്നൈയിൽ കൊണ്ടുപോയതിൽ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്നും അത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിലല്ല കൊടുത്തുവിട്ടതെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയോട് ചെന്നൈയിൽ വരാനാണ് പറഞ്ഞത്. മാത്രമല്ല തിരുവാഭരണം പൊലീസ് അകമ്പടിയിലാണ് കൊണ്ടുപോയത്. കമ്മീഷണറും ഒപ്പമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സ്മാർട്ട് ക്രിയേഷൻസുമായുള്ള 40 വർഷത്തെ വാറൻ്റി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരിലാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഒപ്പം കൂട്ടേണ്ടി വന്നത്. ഇത്തരം അവതാരങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.