
കോട്ടയം: എൻ.എസ്.എസിന് പിന്നാലെ ക്രൈസ്തവ സഭകളും സർക്കാരുമായുള്ള പ്രശ്നത്തില്‍ മഞ്ഞുരുകലിനു കളം ഒരുക്കുന്നു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ പ്രതിസന്ധിയില്‍ സഭകള്‍ ഉന്നയിക്കുന്ന പ്രശ്ന പരിഹാരത്തിനാണ് വഴിയൊരുങ്ങുന്നുത്.
വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് കേരളാ കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി സന്നദ്ധത അറിയിച്ചതോടെയാണ് കുരുക്കഴിക്കാൻ വഴിയൊരുങ്ങുന്നത്.
ഇതുസംബന്ധിച്ചുള്ള അനൗദ്യോഗിക ആശയവിനിമയത്തിനും തുടക്കമായിട്ടുണ്ട്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായി അദ്ദേഹം നടത്തിയ ആശയ വിനിമയത്തിനു ശേഷമാണ് സർക്കാർ ഉന്നത തല യോഗം വിളിക്കാൻ തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭിന്നശേഷി സംവരണം ഉറപ്പാക്കണം എന്ന സുപ്രിം കോടതി വിധി കര്‍ശനമായി നടപ്പാക്കാനേ സര്‍ക്കാരിനു കഴിയൂ. എന്നാല്‍, എയ്ഡഡ് അധ്യാപക നിയമന പ്രശ്നം അവഗണിക്കാനുമാവില്ല.
സീറോ മലബാര്‍സഭ ഉള്‍പ്പെടെ മുന്നോട്ട് വെക്കുന്ന പരാതികള്‍ ഗൗരവമുള്ളവയുമാണ്. നിയമപരമായി പ്രശ്ന പരിഹാരം സാധ്യമാകുമോ എന്ന് ആലോചിക്കുകയാണ് സര്‍ക്കാര്‍.
ഭിന്നശേഷി സംവരണത്തില്‍ വിട്ടു വീഴ്ച ചെയ്യാതെയുളള പരിഹാരമാണ് നോക്കുന്നത്. എന്നാല്‍, ഭിന്നശേഷി സംവരണ അധ്യാപക സീറ്റുകള്‍ അംഗീകരിക്കുമെന്നു മാനേജ്മെൻ്റുകളും പറയുന്നു.
കത്തോലിക്കാ സഭയ്ക്കു പുറമെ സി. എസ്.ഐ സഭയും ഓർത്തഡോക്സ് സഭയും വിഷയത്തില്‍ സർക്കാരിനെതിരെ പ്രതികരണം നടത്തിയിരുന്നു.
ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ ഭിന്നശേഷി സംവരണപ്രകാരം നിയമനം നടത്തുന്നതിനെ എതിര്‍ത്തിട്ടില്ല എന്നു മാത്രമല്ല അതിനായി സന്നദ്ധത അറിയിച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കിയിട്ടുള്ളതും ഒഴിവുകള്‍ നീക്കിവച്ചിട്ടുള്ളതും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതുമാണ്.
എന്നാല്‍, യഥാവിധം ഭിന്നശേഷി നിയമനം നടത്താന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. ഇതിന്റെ പേരില്‍ നിയമനം പാസാകാതെയും ശമ്പളം ലഭിക്കാതെയും ആയിരക്കണക്കിന് അധ്യാപകരാണു നരകയാതന അനുഭവിക്കുന്നത്.
വിഷയത്തില്‍ ചർച്ചകള്‍ നടക്കുന്നതിനിടെ മന്ത്രി വി.ശിവന്‍കുട്ടി നടത്തുന്ന പ്രസ്താവനകളാണ് സഭകളെ ചൊടിപ്പിക്കുന്നത്.
ഭിന്നശേഷി നിയമനത്തിലെ നൂലാമാലകള്‍മൂലം സ്ഥിരനിയമനം തടസപ്പെടുന്ന ക്രിസ്ത്യന്‍ എയ്ഡഡ് മാനേജുമെന്റുകളിലെ അധ്യാപകര്‍ നടത്തിവരുന്ന സമരങ്ങളെ പരാമര്‍ശിച്ചുകൊണ്ട് മന്ത്രി വി.ശിവന്‍കുട്ടി നടത്തിയ പരാമർശങ്ങള്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കു കാരണമായി.
ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ ഭിന്നശേഷി നിയമനങ്ങളെ എതിര്‍ക്കുന്നു എന്ന തരത്തില്‍ പൊതുസമൂഹത്തില്‍ തെറ്റിധാരണ പരത്തുന്നവിധം സംസാരിക്കുകയും എന്‍.എസ്. എസ്. നേടിയെടുത്ത സുപ്രിംകോടതി വിധി സമാനസ്വഭാവമുള്ള ഏജന്‍സികള്‍ക്കും ബാധകമാണെന്നിരിക്കെ അതു നടപ്പിലാക്കാതെ ഒളിച്ചുകളി നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്.
പൗരാവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ഓരോ വ്യക്തിയും കോടതിയെ സമീപിക്കണമെന്നാണു നിലപാടെങ്കില്‍ ഇവിടുത്ത ജനാധിപത്യ സര്‍ക്കാരിന്റെ ചുമതലയെന്തെന്നു വ്യക്തമാക്കാന്‍ മന്ത്രി തയ്യാറാകണമെന്നും സഭകള്‍ ആവശ്യപ്പെടുന്നു.
വിഷയം പ്രതിപക്ഷം ഏറ്റെടുത്ത് വഷളാക്കാനുള്ള സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് കേരള കോണ്‍ഗ്രസ് (എം) രംഗത്ത് വന്നത്.
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നുള്ള ആവശ്യം കേരളാ കോണ്‍ഗ്രസ് എം എല്‍.ഡി.എഫിനെ അറിയിച്ചു കഴിഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ കുരുക്ക് രമ്യമായി പരിഹരിച്ചിരിക്കുമെന്നാണ് ചെയർമാൻ ജോസ് കെ. മാണി ഇന്നലെ പറഞ്ഞത്.
മാനേജ്മെൻ്റും സർക്കാരുമായുള്ള ചർച്ചയ്ക്ക് ആവശ്യമെങ്കില്‍ കേരളാ കോണ്‍ഗ്രസ് (എം) മുൻകൈയെടുക്കും. ഇതുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെ കാണുകയും വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
അനുഭാവപൂർണമായ നിലപാടാണ് അവർ സ്വീകരിച്ചതെന്നും ജോസ് കെ. മാണി പറഞ്ഞു.തുടർ ചർച്ചകള്‍ ഇതിൻ്റെ ഭാഗമായി നടക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. എയ്ഡഡ് മാനേജ്മെന്‍റുകള്‍ സമരത്തിലേക്ക് നീങ്ങുന്നത് സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്.
കോര്‍പ്പറേറ്റ് മാനേജ്മെന്‍റുകളെ പിണക്കുന്നത് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ശരിയാവില്ല എന്ന് സര്‍ക്കാരിനും ബോധ്യമുണ്ട്. മാനേജ്മെന്റുകള്‍ സുപ്രിം കോടതിയെ സമീപിച്ചാല്‍ പ്രശ്നപരിഹാരത്തിന് സഹായകരമായ നിലപാട് സര്‍ക്കാരും കൈക്കൊള്ളുമെന്നാണ് സൂചന.