സ്വന്തം ലേഖകൻ
മണിമല: ഭർത്താവ് ആവശ്യപ്പെട്ടത് അനുസരിച്ച് ചപ്പാത്തിയുണ്ടാക്കി നൽകാതിരുന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. കുടുംബവഴക്കിനെ തുടർന്ന് ഒരേ വീട്ടിൽ തന്നെ പിണങ്ങിക്കഴിയുന്ന ഭർത്താവാണ് ഭാര്യയെ വീടിനുള്ളിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. മണിമല ചാരുവേലിൽ കാവുങ്കൽ വീട്ടിൽ ശോശാമ്മ (78)യെയാണ് ഭർത്താവ് വർഗീസ് തീ കൊളുത്തി കൊലപ്പെടുത്തി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയ്ക്ക് തീ കൊളുത്തി പൊള്ളലേറ്റ ശോശാമ്മ ഉച്ചയ്ക്ക് രണ്ടരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊല്ലപ്പെട്ടു.
തന്റെ പേരിലുണ്ടായിരുന്ന ഏഴു സെന്റ് സ്ഥലം നേരത്തെ ഭാര്യ ശോശാമ്മയ്ക്ക് എഴുതി നൽകിയിരുന്നു. എന്നാൽ, ഈ സ്ഥലം ശോശാമ്മ ഭർത്താവിന്റെ സമ്മതമില്ലാതെ മൂത്ത പെൺകുട്ടിയ്ക്ക് എഴുതി നൽകി. ഇതേച്ചൊല്ലി ഒരു വർഷത്തിലേറെയായി ഇരുവരും തമ്മിൽ പിണങ്ങിക്കഴിയുകയാണ്. ഒരേ വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നതെങ്കിലും ഇരുവരും പരസ്പരം സംസാരിച്ചിരുന്നില്ല. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വർഗീസ് മർദിച്ചതായി ആരോപിച്ച് ശോശാമ്മ നേരത്തെ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ശോശാമ്മയോട് ചപ്പാത്തിയുണ്ടാക്കിത്തരാൻ വർഗീസ് ആവശ്യപ്പെട്ടത്. തനിക്ക് പറ്റില്ലെന്ന് പറഞ്ഞ ശോശാമ്മ ഉള്ളിലെ മുറിയിലേയ്ക്ക് പോയപ്പോൾ പിന്നാലെ എത്തിയ വർഗീസ്, കുപ്പിയിൽ കരുതിയ മണ്ണെണ്ണ ശരീരത്തിലേയ്ക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് തീ കൊളുത്തിയതോടെ പ്രാണരക്ഷാർത്ഥം ശോശാമ്മ ഹാളിലേയ്ക്ക് ഓടിക്കയറി. നിലത്ത് കിടന്ന് ഉരുണ്ട് ഇവർ നിലവിളിച്ചതോടെ അയൽവാസികൾ ഓടിയെത്തി ഇവരെ രക്ഷിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിച്ചു. തുടർന്ന് വർഗീസിനെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. ശോശാമ്മയുടെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും.