പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; അടിയന്തര അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി

Spread the love
  • പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ചികിത്സാ പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം. സംഭവത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡി.എം.ഒ. വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവർക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിലൂടെ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകും.

സംഭവം നടന്നതിങ്ങനെ

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. സെപ്റ്റംബർ 24-ന് കളിക്കുന്നതിനിടെ വീണപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്ന് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പ്രസീത പറയുന്നു. പ്ലാസ്റ്റർ ഇട്ട ശേഷവും കുട്ടിക്ക് വേദനയുണ്ടെന്ന് അറിയിച്ചപ്പോൾ അഞ്ച് ദിവസം കഴിഞ്ഞ് വരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.

എന്നാൽ, അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലായിരുന്നു എന്നും അമ്മ പറഞ്ഞു. തുടർ ചികിത്സക്കായി മറ്റൊരു ആശുപത്രിയെ സമീപിക്കാൻ ഡോക്ടർമാർ പിന്നീട് നിർദേശിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ സ്വകാര്യ ആശുപത്രിയിൽ പോകാൻ കഴിയാതിരുന്ന കുടുംബം, തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.

വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. സാധാരണ പോലെ തന്നെ എല്ലാ ചികിത്സയും നൽകിയിരുന്നു. സംഭവിച്ചത് അപൂർവങ്ങളിൽ അപൂർവമായ കാര്യമാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ വ്യക്തമാക്കി. കുട്ടിക്ക് വേദന വന്നിട്ടും ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാലാണ് ഈ ഒരു സ്ഥിതിയിലേക്കെത്തിയതെന്നും ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേർത്തു.