റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി : ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ

Spread the love

പാലക്കാട് : ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ  അന്വേഷണം പ്രഖ്യാപിച്ച് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ.

കൈ മുറിച്ചുമാറ്റിയത് ചികിത്സാപ്പിഴവ് മൂലമാണെന്ന കുടുംബത്തിന്‍റെ ആരോപണത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിനായി രണ്ട് ഡോക്ടര്‍മാരെ നിയോഗിച്ചെന്ന് ഡിഎംഒ അറിയിച്ചു. ഡോ. പത്മനാഭന്‍, ഡോ. കാവ്യ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് ഡിഎംഒ അറിയിച്ചു.

പല്ലശന ഒഴിവുപാറ സ്വദേശിയായ പെണ്‍കുട്ടിയുടെ വലതുകൈ ആണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റുന്നതിന് കാരണമായതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ ആശുപത്രി അധികൃതരുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബര്‍ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുന്നത്. ഉടൻ മാതാപിതാക്കള്‍ കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുണ്ടാവുകയുമായിരുന്നു.

തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്‍ദേശം ലഭിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ അധികൃതരുടെ പിഴവ് മൂലമാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നത് എന്നാണ് കുടുംബം ആരോപിക്കുന്നത്. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരക്കെതിരെ കുടുംബം ആരോഗ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.