
കോട്ടയം: ഉത്പാദനച്ചെലവിന് ആനുപാതികമായി റബറിന് വിലകിട്ടാത്ത സാഹചര്യത്തില്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
അയ്യായിരത്തോളം റബര്‍ കര്‍ഷകര്‍ എട്ടിന് രാവിലെ 10.30നു പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ഓരോ ആര്‍പിഎസ് പരിധിയില്‍നിന്നും നൂറോളം പേരെ പങ്കെടുപ്പിക്കും.
റബര്‍ ഷീറ്റ് കിലോയ്ക്ക് 250 രൂപ ഉറപ്പാക്കുമെന്ന് ഇലക്‌ഷന്‍ പത്രികയില്‍ പ്രസ്ഥാവിച്ച് അധികാരത്തിലെത്തിയശേഷം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല. വിലസ്ഥിരതാ പദ്ധതിയില്‍ കഴിഞ്ഞ രണ്ടു ബജറ്റുകളിലുമായി ആയിരം കോടി രൂപ അനുവദിച്ചെങ്കിലും 40 കോടി രൂപ മാത്രമാണ് ചെലവഴിക്കേണ്ടിവന്നത്. ഈ സാഹചര്യത്തില്‍ ഒരു കിലോ റബറിന് 300 രൂപ നല്‍കിയാല്‍ പോലും സര്‍ക്കാരിന് ബാധ്യതയുണ്ടാവില്ല.
ഒരു കിലോ ഷീറ്റിന് ഉത്പാദനച്ചെലവ് 240 രൂപയ്ക്ക് മുകളിലാണെന്ന് റബര്‍ ബോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. വിലയിടിക്കല്‍ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം തുടങ്ങിവച്ച വിലയില്ലെങ്കില്‍ റബറില്ല എന്ന സമരം ഇന്നു മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ടാപ്പിംഗ് നിറുത്തിവച്ചും ചരക്ക് വില്‍ക്കാതെയുമായിരിക്കും പ്രതിഷേധം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ധര്‍ണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ മോന്‍സ് ജോസഫ്, എം. നൗഷാദ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കുറുക്കോളി മൊയ്തീന്‍, ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍. ഹരി, റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക്, ജോസഫ് എം. പുതുശേരി, എന്‍സിആര്‍പിഎസ് ദേശീയപ്രസിഡന്‍റ് ഏബ്രഹാം വര്‍ഗീസ് കാപ്പില്‍, ജനറല്‍ സെക്രട്ടറി ബാബു ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.