
ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാസം ദുബൈയിൽ നിന്ന് ബെംഗളൂരുവില്‍ എത്തിയ 29 വയസ്സുകാരനാണ് കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രി ബെംഗളൂരുവിലെ ജ്ഞാനഭാരതി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉള്ളാൾ മെയിൻ റോഡിന് സമീപമാണ് സംഭവം ഉണ്ടായത്. ധർമ്മശീലൻ രമേഷ് (29), ഭാര്യ മഞ്ജു പി (27) എന്നിവരാണ് മരിച്ചത്.
നിർമാണത്തൊഴിലാളിയാണ് രമേഷ്. മഞ്ജു ഒരു പ്രാദേശിക ക്ലിനിക്കിൽ നഴ്സുമായിരുന്നു. 2022-ലാണ് ഇരുവരും വിവാഹിതരായതെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ചയായി തുമകുരുവിൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന മഞ്ജുവിന്റെ പിതാവ് പെരിയസ്വാമി (53) രാത്രി 9.30-ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പെരിയസ്വാമി തന്‍റെ അനന്തരവനോടും മറ്റുള്ളവരോടും ഒപ്പമാണ് എത്തിയത്. മൂന്നാം നിലയിലെ അപ്പാർട്ട്‌മെന്‍റ് പൂട്ടിയിരിക്കുകയും അകത്ത് നിന്ന് പ്രതികരണമില്ലാതിരിക്കുകയും ചെയ്തതോടെ അദ്ദേഹത്തിന് സംശയം തോന്നി. വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ കഴുത്തിൽ മുറിവേറ്റ നിലയിൽ മഞ്ജുവിന്‍റെ മൃതദേഹവും തൊട്ടടുത്ത് രമേഷിന്‍റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. മഞ്ജുവിന്റെ ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. കൂടാതെ, കഴുത്തറുത്ത നിലയിലുമായിരുന്നു.
പെരിയസ്വാമി നൽകിയ എഫ്ഐആർ പ്രകാരം, വിവാഹശേഷം ഒരു വർഷം ദമ്പതികൾ രമേഷിന്‍റെ നാടായ തമിഴ്‌നാട്ടിലെ പിന്നലവാടിയിലാണ് താമസിച്ചിരുന്നത്. രണ്ട് വർഷം മുമ്പ് ജോലി തേടി രമേഷ് ദുബൈയിലേക്ക് പോയി. ആ സമയത്ത് മഞ്ജു പിതാവിനോടൊപ്പം താമസിക്കാൻ ബെംഗളൂരുവിലേക്ക് വരികയും ഒരു പ്രാദേശിക ക്ലിനിക്കിൽ നഴ്സായി ജോലി നേടുകയും ചെയ്തു. ഏകദേശം ഒരു മാസം മുമ്പാണ് രമേഷ് ദുബൈയിൽ നിന്ന് തിരികെയെത്തിയത്. ഇതേത്തുടർന്ന് മഞ്ജു താൽക്കാലികമായി പിന്നലവാടിയിലേക്ക് പോയിരുന്നു. എന്നാൽ നഴ്സിംഗ് ജോലിയിൽ പ്രവേശിക്കുന്നതിനായി സംഭവത്തിന് 15 ദിവസം മുമ്പ് അവർ ബെംഗളൂരുവിലേക്ക് തിരികെയെത്തി. കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് രമേഷ് ജോലിക്കായി ബെംഗളൂരുവിലേക്ക് വരാൻ ഉദ്ദേശിക്കുന്നതായി പെരിയസ്വാമിയെ അറിയിക്കുകയും അദ്ദേഹം സമ്മതം നൽകുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രമേഷിന് ഭാര്യയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകണമെന്നും അതിനായി ജോലി രാജി വെക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ‘രമേഷ് പലതവണ ആവശ്യപ്പെട്ടിട്ടും മഞ്ജു വിസമ്മതിക്കുകയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും തുടർന്നുണ്ടായ ദേഷ്യത്തിൽ രമേഷ് ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു’- ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ ജ്ഞാനഭാരതി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.