ഒസെംപിക് മരുന്നിന് ഇന്ത്യയില്‍ അനുമതി; പ്രമേഹ രോഗികള്‍ ‘ഒസെംപിക്’ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

Spread the love

സമീപകാലത്തായി ആരോ​ഗ്യമേഖലയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു പേരാണ് ഒസെംപിക്.
ഫാർമർമസ്യൂട്ടിക്കല്‍ കമ്ബനിയായ നോവാ നോർഡിസ്‌കിന്റെ സെമാഗ്ലൂറ്റൈഡ് ഇൻജെക്ഷനായ ഒസെംപികിന് ഇന്ത്യയില്‍ അംഗീകാരം ലഭിച്ചിരിക്കുകയാണ്.

ടൈപ്പ് 2 പ്രമേഹമുളളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഭാരം കുറയ്ക്കുന്നതിനുമാണ് പ്രധാനമായും ഒസെംപിക് ഉപയോഗിക്കുന്നത്. എന്താണ് ഒസെംപിക്? എങ്ങനെയാണ് ഈ മരുന്ന് ശരീരത്തില്‍ പ്രവർത്തിക്കുന്നത്? എന്തെല്ലാമാണ് ഇതിലൂടെ നേരിടാൻ പോകുന്ന വെല്ലുവിളികള്‍ എന്നിവ പരിശോധിക്കാം.

ടൈപ്പ് 2 പ്രമേഹമുളള രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രധാനമായും സഹായിക്കുന്ന സെമാഗ്ലൂറ്റൈഡ് മരുന്നിന്റെ ബ്രാൻഡ് നാമമാണ് ഒസെംപിക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദഹനം സാവാധാനത്തിലാക്കുന്നതിനും ഭക്ഷണത്തിനുശേഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്വാഭാവിക ഹോർമോണുകളായി പ്രവർത്തിക്കുന്ന ജിഎല്‍പി 1 റിസെപ്റ്റർ ആഗോണിസ്റ്റിന്റെ വിഭാഗത്തില്‍പ്പെടുന്ന മരുന്നാണിത്. ആഴ്ചയില്‍ ഒരു തവണമാത്രം കുത്തിവയ്പ്പായി എടുക്കുന്ന മരുന്നിന് 2017ലാണ് യുഎസ് ഫുഡ് അൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നല്‍കിയത്.

രക്തത്തിലെ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കുന്നതിനോടൊപ്പം രോഗികളുടെ ഭാരം കുറയാനും ഈ മരുന്ന് സഹായിക്കും. ഒസെംപികിന്റെ ഉയർന്ന വീര്യമുളള മരുന്നായ വെഗോവിയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നായി വിനിയോഗിക്കുന്നുണ്ട്.

ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ സാധിക്കാത്ത രോഗികള്‍ക്ക് ഒസെംപിക് ഇൻജെക്ഷൻ കൊടുക്കാൻ സെൻട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ അനുമതി നല്‍കി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുളള ഇന്ത്യയില്‍ ഇതൊരു ശുഭപ്രതീക്ഷയാണ് നല്‍കുന്നത്.

ഒസെംപിക് സഹായിക്കുന്നത്
1. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്ബോള്‍ പാൻക്രിയാസില്‍ നിന്നുളള ഇൻസുലിനെ പുറത്തേക്കുവിടുന്നു. ഇതിലൂടെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
2. ഗ്ലൂക്കോണ്‍ സ്രവത്തിന്റെ ഉല്‍പ്പാദനം കുറയ്ക്കുന്നു. ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുന്നു.
3. ദഹനസമയം കൂട്ടുന്നു.
4. വിശപ്പ് ഇല്ലാതാക്കുന്നു. ഇതിലൂടെ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ അനുമതി
അന്താരാഷ്ട്ര തലത്തില്‍ ദീർഘനാളുകളായി നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഒസെംപിക് ഇന്ത്യയില്‍ അനുമതി നല്‍കിയത്. ഇന്റേണല്‍ മെഡിസിൻ സ്‌പെഷില്യസ്റ്റായ ഡോക്ടർ സഞ്ജയൻ റോയി ഒരു മാദ്ധ്യമത്തോട് പറഞ്ഞതനുസരിച്ച്‌,

ശരീരത്തിലെ ഉപാപജയ പ്രവർത്തനങ്ങള്‍ വർദ്ധിപ്പിക്കാൻ ഒസെംപിക് സഹായിക്കും. ജീവിതശൈലി മാറ്റുന്നതിനോടൊപ്പം ഒസെംപികിന്റെ 2.4 മില്ലിഗ്രാം മരുന്നെടുക്കുകയാണെങ്കില്‍ ശരീരഭാരവും നിയന്ത്രിക്കാൻ സാധിക്കും.

കൂടാതെ ഗുരുതര ഹൃദ്രോഗമുളള രോഗികള്‍ക്ക് അവസ്ഥയില്‍ മാറ്റമുണ്ടാകാനും ഒസെംപിക് സഹായിക്കും. ഒസെംപികിന് സമാനമായ ജിഎല്‍പി 1 മരുന്നുകള്‍ ശരീരഭാരം 15 മുതല്‍ 20 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഉപാപജയപ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്തുക, രക്തസമ്മർദ്ദം കുറയ്ക്കുക, ഫാറ്റി ആസിഡ് കുറയ്ക്കുക, ഉറക്കതകരാറ് പോലുളള പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.

വെല്ലുവിളികള്‍
ഒസെംപിക് ഉപയോഗിക്കുന്നതിന് ആരോഗ്യകരമായ ചില പ്രശ്നങ്ങളും നേരിടാൻ സാദ്ധ്യതയുണ്ട്. ഓക്കാനം, ഛർദ്ദി, വയറിളക്കം, മലബന്ധം, വയറുവേദന തുടങ്ങി ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുളള സാദ്ധ്യതയുണ്ട്. കൂടാതെ പിത്താശയ സംബന്ധമായ പ്രശ്നങ്ങള്‍, കരള്‍പരമായ അസുഖങ്ങള്‍ എന്നിവയും ഉണ്ടാകും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമായി മാത്രമേ മരുന്ന് ഉപയോഗിക്കാവൂ.

ഇന്ത്യയിലെ നിരക്ക്
ഇന്ത്യയില്‍ ഒസെംപികിന്റെ വില നോവോ നോർഡിസ്‌ക് ഇതുവരെയായിട്ടും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഒസെംപിനേക്കാള്‍ വീര്യമുളള വെഗോവിക്ക് ഇന്ത്യയില്‍ 17,345 മുതല്‍ 26,015 രൂപ വരെയാകും. ജിഎല്‍പി 1 വിഭാഗത്തില്‍പ്പെട്ട മറ്റൊരു മരുന്നായ മൗഞ്ചാരോയ്ക്ക് 14000 മുതല്‍ 17,500 രൂപ വരെ വിലയാകും. ഇവയുമായി താരതമ്യം ചെയ്യുമ്ബോള്‍ ഒസെംപികിന്റേയും വില ഇവയോട് അടുത്ത് നില്‍ക്കും.

ജനപ്രീതി
ആഗോളതലത്തില്‍ ഒസെംപികിന്റെ ജനപ്രീതി വളരെ വലുതാണ്. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് തന്റെ ശരീരഭാരം കുറച്ചതില്‍ ഒരു ഘടകം ഒസെംപികാണ്. പ്രമുഖ ബ്രിട്ടീഷ് ടെലിവിഷൻ അവതാരകനായ ഷാരോണ്‍ ഓസ്‌ബോണ്‍ തന്റെ ശരീരഭാരത്തിന്റെ 40 പൗണ്ട്സ് ഒസെംപിക് ഉപയോഗിച്ച്‌ കുറച്ചെങ്കിലും ഓക്കാനം അനുഭവപ്പെട്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്.

ഗായികയായ ലിസ്സോയും നടിയായ റെബേല്‍ വില്‍സണും ഒസെംപിക് ഉപയോഗിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട്. പ്രമുഖ ഹാസ്യതാരമായ അമി ഷുമർ തന്റെ ശരീരഭാരം കുറയ്ക്കാൻ ഒസെംപിക് ഉപയോഗിച്ചിരുന്നതായും ഗുരുതര പാർശ്വഫലങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ഉപേക്ഷിച്ചെന്നും പറഞ്ഞു