സ്വതന്ത്രൻ പിന്തുണച്ചു ; കർണാടകത്തിൽ ബിജെപി സർക്കാരിന് വഴി തുറക്കുന്നു
സ്വന്തം ലേഖകൻ
ബംഗളൂരു: പത്ത് കോൺഗ്രസ് എം.എൽ. എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എ.മാരും രാജിവച്ചതിന് പിന്നാലെ സ്വതന്ത്ര എം.എൽ.എയായ എച്.നാഗേഷ് കൂടി പിന്തുണ പിൻവലിച്ചതോടെ കർണാടകയിലെ ജെ.ഡി.എസ് , കോൺഗ്രസ് സഖ്യകക്ഷി സർക്കാർ താഴെ വീഴുമെന്ന് ഏതാണ്ട് ഉറപ്പായി. താൻ ഇനി സഖ്യത്തിൽ തുടരാനില്ലെന്നും ബി.ജെ.പി സർക്കാരിനെ പിന്തുണയ്ക്കുമെന്നും നാഗേഷ് വ്യക്തമാക്കി. ഇതോടെ ബി.ജെ.പിയ്ക്ക് നിയമസഭയിൽ കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള അംഗസംഖ്യയായി. 106 അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബി.ജെ.പിക്ക് 105 അംഗങ്ങളുണ്ട്. നാഗേഷിന്റെ പിന്തുണ കൂടി ലഭിക്കുന്നതോടെ ഇത് 106ലെത്തും. അടുത്തിടെ നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് നാഗേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.അതേസമയം, സർക്കാരിനെ രക്ഷിക്കാൻ അവസാന ശ്രമങ്ങളും നടക്കുന്നുണ്ട്. രാജിവച്ച 13 എം.എൽ .എ മാരെയും മന്ത്രിമാരാക്കാനാണ് നീക്കം. ഇതിന് വഴിവയ്ക്കാൻ എല്ലാ കോൺഗ്രസ് മന്ത്രിമാരോടും രാജി അഭ്യർത്ഥിച്ചതായി സൂചനയുണ്ട്. ആദ്യം താനായിരിക്കും രാജിവയ്ക്കുകയെന്ന് പ്രതിസന്ധി പരിഹരിക്കാൻ മുന്നിൽ നിൽക്കുന്ന കോൺഗ്രസ് നേതാവും കർണാടക ജലവിഭവ വകുപ്പ് മന്ത്രിയുമായി ഡി.കെ.ശിവകുമാർ പറഞ്ഞു. രാജിവച്ച പത്ത് എം.എൽ എ മാർ മുംബയിലാണുള്ളത്. മുംബയിലെ ഹോട്ടലിൽ ഇവരെ മഹാരാഷ്ട്ര ബി.ജെ.പി നേതാക്കൾ സന്ദർശിച്ചതായി വാർത്തകളുണ്ട്. അതേസമയം എം.എൽ.എ മാരുടെ നീക്കത്തിന് പാർട്ടിയുമായി ബന്ധമില്ലെന്ന് കർണാടക ബി.ജെ.പി നേതാക്കൾ പറയുന്നു.അമേരിക്കയിലായിരുന്ന മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി തിരിച്ചെത്തിയതോടെയാണ് എം.എൽ.എ മാരെ തിരികെ കൊണ്ടുവരാനുള്ള നീക്കം ശക്തമായത്. പ്രമുഖ കോൺഗ്രസ് നേതാവും വിമത നേതാവുമായ രാമലിംഗ റെഡ്ഡിയുമായി കുമാര സ്വാമി ചർച്ച നടത്തിയിട്ടുണ്ട്. റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കി പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. നാലുപേരെയെങ്കിലും തിരികെ കൊണ്ടുവരാനാണ് ശ്രമം. എന്നാൽ തങ്ങൾ രാജിയിൽ ഉറച്ചുനിൽക്കുകയാണെന്ന് മുംബയിലുള്ള വിമത എം.എൽ.എ മാർ പറയുന്നു. ഇതിനിടെ കുമാര സ്വാമിയെ മാറ്രി പകരം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനും നീക്കം നടക്കുന്നുണ്ട്. എന്നാൽ ഇതിനെ ചിലർ എതിർക്കുന്നുണ്ട്. വിമത നീക്കത്തിന് പിറകിൽ സിദ്ധരാമയ്യയാണെന്ന് അവർ ആരോപിക്കുന്നു. മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രിയും ദേവഗൗഡയുടെ മകൻ രേവണ്ണയെ ഉപമുഖ്യമന്ത്രിയുമാക്കി പ്രശ്‌നം പരിഹരിക്കാനും നീക്കം നടക്കുന്നുണ്ട്. നാളെയാണ് സ്പീക്കർ കെ.ആർ രമേശ് എം.എൽ.എമാരുടെ രാജിക്കത്ത് പരിശോധിക്കുക.
നാളെ രാവിലെ 9.30ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം വിളിച്ചിട്ടുണ്ട്. നാളെയ്ക്ക് മുമ്പ് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. ബി.ജെ.പിയാകട്ടെ അവരുടെ എം.എൽ.എ മാരുടെ യോഗം യലഹങ്കയിലെ ഹോട്ടലിലും വിളിച്ചിട്ടുണ്ട് .13 എം.എൽ.എമാർ രാജിവച്ചതോടെ 224 അംഗ സഭയിലെ അംഗ സംഖ്യ 211 ആയി കുറയും. അപ്പോൾ ഭൂരിപക്ഷത്തിന് 106 പേർ വേണം. 79 കോൺഗ്രസ് എം.എൽ എ മാരിൽ 10 പേരും 37 ജെ.ഡി.എസ് എം.എൽ.എ മാരിൽ മൂന്നും പേരും രാജിവച്ചാൽ രണ്ട് സ്വതന്ത്രന്മാർ ഉൾപ്പെടെ 105 പേരുടെ പിന്തുണ മാത്രമേ സർക്കാരിനുണ്ടാകൂ. അപ്പോൾ ഭൂരിപക്ഷമില്ലാത്തതിനാൽ മന്ത്രിസഭ രാജി വയ്‌ക്കേണ്ടി വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാദ്ധ്യതകൾ
- എം.എൽ എ മാരുടെ രാജി സ്പീക്കർ അംഗീകരിച്ച് മന്ത്രിസഭ രാജിവയ്ക്കുക. ഏക ബി.എസ്. പി എം.എൽ എ യുടെ പിന്തുണയോടെ ഇപ്പോൾ 105 അംഗങ്ങളുള്ള ബി.ജെ.പിക്ക് മന്ത്രിസഭ രൂപീകരിക്കാം. രാജിവച്ചവർക്ക് ആറു മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് വഴി തിരിച്ചുകയറാം.
- സ്പീക്കർ രാജി സ്വീകരിക്കാതിരിക്കുക. ഇതിനെതിരെ എം.എൽ എ മാർക്ക് കോടതിയിൽ പോകാം.കൂടുതൽ കൂറുമാറ്രങ്ങളുണ്ടായാൽ നിയമസഭ പിരിച്ചുവിടാൻ കുമാരസ്വാമിക്ക് ഗവർണറോട് അഭ്യർത്ഥിക്കാം. എന്നാൽ ഗവർണർക്ക് ഇത് തള്ളിക്കളഞ്ഞ് ബി.ജെ.പിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാം.
- കുമാര സ്വാമിക്ക് പകരക്കാരനെ കണ്ടെത്തി എം.എൽ.എമാരുടെ പ്രശ്‌നം പരിഹരിച്ച് കൂടെ നിറുത്തുക