
കോട്ടയം: ലോട്ടറി വിൽപ്പനക്കാരെ കബളിപ്പിച്ച് ടിക്കറ്റ് തട്ടിയടുക്കുന്ന വിരുതനെ പിടികൂടിയതോടെ കോട്ടയത്തെ ലോട്ടറി വിൽപ്പനക്കാർക്ക് ആശ്വാസമായി.
ഇടുക്കി ശാന്തമ്ബാറ സ്വദേശി ബിജു (39) ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
വില്‍പ്പനക്കാരെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്ത് മറിച്ചുവിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. കോട്ടയം നഗരത്തില്‍നിന്ന് മാത്രം പത്ത് ഓണം ബമ്പർ ടിക്കറ്റുകള്‍ അടക്കം ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറി ടിക്കറ്റുകള്‍ ഇയാള്‍ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചെടുത്തതാണെന്നറിയാതെ നിരവധി പേർ ഇയാളില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങിയിട്ടുണ്ട്.
ഇങ്ങനെ വിറ്റുകിട്ടുന്ന പണം മദ്യപാനത്തിനും മറ്റു ലഹരി ഉപയോഗത്തിനും ഉപയോഗിക്കുകയാണ് പതിവ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത്കുമാർ, എസ്‌ഐ ടി.ജി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇടുക്കിയില്‍ നേരത്തെ പോക്സോ കേസില്‍ പ്രതിചേർക്കപ്പെട്ടിട്ടുള്ളയാളാണ് ബിജു. തട്ടിപ്പ് നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇടുക്കിയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ പ്രതി വീട്ടിലില്ലെന്നും വഴിയോരങ്ങളിലും ബസ് സ്റ്റാൻഡുകളിലുമാണ് കാണാറുള്ളതെന്നും വീട്ടുകാർ പറഞ്ഞതോടെ പോലീസ് ബസ് സ്റ്റാൻഡുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പിന്നീട് എറണാകുളത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കണ്ടെത്താൻ തുണയായത്.
കഴിഞ്ഞ ഓഗസ്റ്റ് 18-നും 22-നും ആണ് കോട്ടയം നഗരമധ്യത്തില്‍നിന്ന് ലോട്ടറി ടിക്കറ്റുകളുടെ തട്ടിപ്പ് നടന്നത്. ഫുട്പാത്തില്‍ ലോട്ടറി വില്‍ക്കുകയായിരുന്ന അംഗപരിമിതനായ ആന്ധ്ര ചിറ്റൂർ സ്വദേശി അയ്യൂബിന്റെ കൈയ്യില്‍നിന്ന് ഓണം ബമ്ബറിന്റെ പത്ത് ലോട്ടറി ടിക്കറ്റുകളാണ് പ്രതി തട്ടിയെടുത്തത്. ടിക്കറ്റ് വാങ്ങി കയ്യിലുണ്ടായിരുന്ന പഴയ ഫോണ്‍ അയ്യൂബിന് നല്‍കിയ ശേഷം എ.ടി.എമ്മില്‍നിന്ന് പണം എടുത്തുവരാമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു.
സമാനമായ രീതിയില്‍ തിരുനക്കര എസ്ബിഐയുടെ മുന്നില്‍ ലോട്ടറി വിറ്റിരുന്ന സുബുവിന്റെ കൈയ്യില്‍നിന്ന് ലോട്ടറിയുടെ 40 ടിക്കറ്റുകളും ഇയാള്‍ തട്ടിയെടുത്തു. ഗൂഗിള്‍ പേ വഴി പണത്തിനുപകരം പണമയക്കാനുള്ള റിക്വസ്റ്റ് അയച്ചാണ് ഇയാള്‍ ടിക്കറ്റുകള്‍ തട്ടിച്ചത്. തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു സ്ഥലങ്ങളിലും സമാനമായ ലോട്ടറിത്തട്ടിപ്പുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.