ഷാഫി പറമ്പിലിൽ എംപിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സംഭവം: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്

Spread the love

ഷാഫി പറമ്പിൽ എംപിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ഇക്കാര്യം ബോധ്യപ്പെടുത്തി പാലക്കാട് നോര്‍ത്ത് പൊലീസ് എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി.

സുരേഷ് ബാബുവിനെതിരെ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷാണ് പരാതി നല്‍കിയത്. ബിഎന്‍എസ് 356-ാം വകുപ്പ് നിലനില്‍ക്കില്ലെന്നും അപകീര്‍ത്തിപ്പെടുത്തി എന്ന വകുപ്പ് ചുമത്തി കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. കോടതിയുടെ അനുമതിയോടെ മാത്രമെ കേസെടുക്കാന്‍ കഴിയുവെന്നാണ് റിപ്പോര്‍ട്ട്. വേണമെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്ന് പൊലീസ് വ്യക്തമാക്കി.

അധിക്ഷേപ പരാമര്‍ശത്തില്‍ പരാതിക്കാരനായ സി വി സതീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. സതീഷിനു പുറമെ, കെ ആര്‍ ശരരാജ്, ഹരിദാസ് മച്ചിങ്ങല്‍, മണ്ഡലം പ്രസിഡന്റുമാരായ എസ് സേവ്യര്‍, രമേശ് പുത്തൂര്‍, ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് തുടങ്ങിയവരും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞത്. ഷാഫിയും രാഹുലും ഇക്കാര്യത്തില്‍ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തില്‍ രാഹുലിന്‍റെ ഹെഡ്‍മാഷാണ് ഷാഫി പറമ്ബിലെന്നും സുരേഷ് ബാബു ആരോപിച്ചിരുന്നു. ഷാഫി പറമ്ബിലിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ താൻ ഉറച്ചുനില്‍ക്കുകയാണെന്ന് ഇ എൻ സുരേഷ് ബാബു വ്യക്തമാക്കിയിരുന്നു.