
നാടെങ്ങും നവരാത്രി ആഘോഷ നിറവിലാണ്. അക്ഷരപൂജയ്ക്കു പിന്നാലെ മഹാനവമിയിൽ ആയുധപൂജയും പൂർത്തിയാകുന്നതോടെ നവരാത്രി ആഘോഷച്ചടങ്ങുകൾ അവസാനഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഇന്ന് വിജയദശമി ദിനത്തില്‍ പൂജയെടുപ്പും തുടര്‍ന്ന് കുട്ടികളുടെ വിദ്യാരംഭവും നടക്കും.
ഇതിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളും മറ്റും വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. ആധുനിക കാലത്ത് മറ്റു മതസ്ഥരും ഈ ദിവസം വിദ്യാരംഭം കുറിക്കുന്നു.
നവരാത്രിയുടെ അവസാന ദിവസമായ വിജയ ദശമി നാളിൽ പ്രഭാതത്തിലാണ് വിദ്യാരംഭം നടത്താറുള്ളത്. വ്യാഴാഴ്‌ച വിജയദശമയിൽ രാവിലെ ഏഴിന് പൂജയെടുക്കും. തുടർന്ന് ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാംസ്കാരിക സംഘടനകളുടെയും പള്ളികളുടേയും നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നുണ്ട്. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകൾ നടക്കുന്ന ദിവസം. വാദ്യ-നൃത്ത സംഗീത കലകൾക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. പനച്ചിക്കാട് ക്ഷേത്രമടക്കമുള്ള ആരാധനാലയങ്ങളിലും, മലപ്പുറത്ത് തുഞ്ചൻ പറമ്പ് അടക്കമുള്ള സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുണ്ട്. പാരമ്പര്യ എഴുത്താശാൻമാരും കവികളും സാഹിത്യകാരന്മാരുമാണ് ഇവിടെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നത്.