സി.ഒ.ടി നസീർ വധശ്രമക്കേസ് പൊളിയുന്നു ; അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റുന്നു
സ്വന്തം ലേഖകൻ
കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനു നേരെ ഉണ്ടായ വധശ്രമത്തിൽ എ എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാൻ തീരുമാനിച്ച അന്വേഷണ സംഘത്തലവന് സ്ഥലം മാറ്റം. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ സിഐ വി കെ വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.പകരം കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്റ്റേഷനിൽനിന്ന് കെ സനൽകുമാർ തലശ്ശേരി സി ഐയായി ചുമതലയേറ്റു.അന്വേഷണസംഘത്തിലുള്ള തലശ്ശേരി എസ് ഐ പി എസ് ഹരീഷിനെയും മാറ്റിയിരുന്നു. എന്നാൽ പോലീസുകാരുടെ സ്ഥലംമാറ്റം വിവാദമായപ്പോൾ തലശ്ശേരിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.കേസിൽ അന്വേഷണം പൂർത്തിയാവും വരെ നിലവിലെ അന്വേഷണ സംഘം തുടരുമെന്ന് ഡിജിപിയും ഉറപ്പ് നൽകിയിരുന്നു. ഇതു മറികടന്നാണ് അന്വേഷണ സംഘ തലവനെ മാറ്റിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമുള്ള പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായി വിശ്വംഭരനെ മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, നസീർ വധശ്രമക്കേസ് അന്വേഷിക്കുന്ന സി ഐയെ മാറ്റരുതെന്ന ആവശ്യമുയർന്നതിനാൽ അന്ന് മാറ്റിയിരുന്നില്ല.വധശ്രമക്കേസുമായി ബന്ധപ്പെട്ട് തലശ്ശേരി എംഎൽഎ എഎൻ ഷംസീറിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നു.നസീറിനെ ആക്രമിക്കാൻ എംഎൽഎയുടെ സഹായിയടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ കാർ കസ്റ്റഡിയിലെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.