
തിരുവനന്തപുരം: വംശീയതയുടെ അടിത്തറയില്‍ തയ്യാറാക്കിയ വഖ്ഫ് നിയമ ഭേദഗതി 2025 പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് ദേശവ്യാപകമായി പ്രഖ്യാപിച്ച പ്രതിഷേധ സമരത്തില്‍ സഹകരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്.
അന്നേദിവസം പാര്‍ട്ടി പ്രഖ്യാപിച്ച മുഴുവന്‍ പരിപാടികളും റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ മൂന്നിന് രാവിലെ മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ കടകള്‍ അടച്ച് പ്രതിഷേധിക്കാനാണ് മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങളുടെ നിഷേധമാണ് പുതിയ നിയമ ഭേദഗതി. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ് ലിംകളുടെ സംസ്‌കാരത്തെയും അസ്തിത്വത്തെയും തകര്‍ക്കുന്നതാണ് ഈ നിയമ ഭേദഗതി.
സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് തങ്ങളുടെ സമ്പത്തില്‍ നിന്നു ദൈവപ്രീതിക്കായി സമര്‍പ്പിച്ച സ്വത്തുക്കള്‍ നിയമഭേദഗതിയിലൂടെ തട്ടിയെടുക്കാനാണ് ഹിന്ദുത്വ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അപരമത വിദ്വേഷവും വംശീയതയുമാണ് ഈ നിയമ ഭേദഗതിയുടെ പിന്നിലുള്ള താല്‍പ്പര്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനാധിപത്യ അട്ടിമറിയിലൂടെയും ജനഹിതം മോഷ്ടിച്ചും അധികാരത്തിലെത്തിയ സംഘപരിവാരം ആര്‍എസ്എസ് അജണ്ടകള്‍ പ്രായോഗിക വല്‍ക്കരിക്കുന്നതിനുള്ള നിയമനിര്‍മാണങ്ങളും ഭേദഗതികളുമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്ര പൈതൃകം വീണ്ടെടുക്കാനും ഭരണഘടനയും ജനാധിപത്യവും തിരിച്ചുപിടിക്കാനും പൗരസമൂഹം ഐക്യത്തോടെ സമരസജ്ജരായി രംഗത്തുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.