എയര്‍ ഇന്ത്യ കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നു; പ്രതിഷേധം അറിയിച്ച്‌ തിരുവനന്തപുരം എംപി ശശി തരൂര്‍

Spread the love

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്ന എയര്‍ ഇന്ത്യ നടപടിയില്‍ പ്രതിഷേധം അറിയിച്ച്‌ തിരുവനന്തപുരം എംപി ശശി തരൂര്‍.അടുത്ത ഏതാനും മാസത്തേക്ക് വ്യാപകമായി എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍ കാംബെല്‍ വില്‍സണെ വിളിച്ച്‌ തരൂര്‍ ആശങ്ക അറിയിച്ചു.

ഗള്‍ഫ് നാടുകളിലേക്ക് കേരളത്തില്‍ നിന്നുള്ള 50 ഓളം സര്‍വീസുകള്‍ കുറയ്ക്കാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നത്. ശൈത്യകാല സര്‍വീസ് പരിഷ്‌കരണം ഒക്ടോബര്‍ 26 ന് നിലവില്‍ വരും. തിരുവനന്തപുരം, കൊച്ചി, ?കോഴിക്കോട്, കണ്ണര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള പല സര്‍വീസുകളും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ദുബൈ, മസ്‌കറ്റ്, ഷാര്‍ജ, ബഹ്‌റൈന്‍, റാസല്‍ ഖൈമ, അബുദാബി തുടങ്ങിയ ഇടങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പകുതിയായി കുറയും.ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വിമാന സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കുന്നത് ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളെ ഉള്‍പ്പടെ ഗുരുതരമായി ബാധിക്കും. വിദ്യാര്‍ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമെല്ലാം അത് തിരിച്ചടിയുണ്ടാക്കുമെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക ബിസിനസ് ക്ലാസ് വിമാനത്തില്‍ നിന്നും ഉയര്‍ന്ന ക്ലാസ് ഒഴിവാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തിനെതിരെയും തരൂര്‍ രംഗത്തെത്തി. ഈയൊരു സാഹചര്യത്തില്‍ ഇന്‍ഡിഗോ, ആകാശ തുടങ്ങിയ വിമാനകമ്ബനികളെ ആശ്രയിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുമെന്നും ശശി തരൂര്‍ പറഞ്ഞു. നേരത്തെ കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group