മീൻ കച്ചവടം തടഞ്ഞത് ചോദ്യം ചെയ്തു ; കോഴിക്കോട് ഗൃഹനാഥനെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം കഠിന തടവും 12,5000 രൂപ പിഴയും ശിക്ഷ

Spread the love

കോഴിക്കോട്: മത്സ്യക്കച്ചവടം തടഞ്ഞത് ചോദ്യം ചെയ്തു എന്ന പേരില്‍ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം താമസിക്കുന്ന താഴത്ത് വെള്ളൂര്‍ രൂപേഷിനെയാണ് ജീവപര്യന്തം കഠിന തടവിനും പിഴയൊടുക്കാനും വിധിച്ചത്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എന്‍ ആര്‍ കൃഷ്ണകുമാറിന്റേതാണ് വിധി. കരിക്കാംകുളം കാഞ്ഞിരമുക്കിലെ രാജീവനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി.

video
play-sharp-fill

2021 ഓഗസ്റ്റ് 21നായിരുന്നു കൊലപാതകം നടന്നത്. കാരപ്പറമ്പ് സ്വദേശിയായ സാഹിര്‍ അലി എന്നയാളുടെ മത്സ്യക്കച്ചവടം രൂപേഷ് തടഞ്ഞിരുന്നു. ഈ സമയത്ത് രാജീവന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും രൂപേഷിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രൂപേഷ് രാജീവനെ കുത്തിവീഴ്ത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച സാഹിര്‍ അലിക്കും കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

രാജീവന്റെ ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തിന് ഒരു ലക്ഷം രൂപയും സാഹിര്‍ അലിക്ക് 25,000 രൂപയും നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ 43 സാക്ഷികളെയാണ് വിസ്തരിച്ചത്. 47 രേഖകളും 10 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ചേവായൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന ചന്ദ്രമോഹനാണ് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ഷംസുദ്ദീന്‍, അഡ്വ. രശ്മി റാം എന്നിവര്‍ ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group