
ബംഗളൂരു: ആറാം ക്ളാസ് വിദ്യാർത്ഥിനിയെ ഓൺലൈനിൽ വിൽപനയ്ക്കുവച്ച സംഘം പിടിയിൽ. കർണാടക വിജയനഗരയിൽ ആണ് സംഭവം നടന്നത്. 12 വയസുള്ള പെൺകുട്ടിയെ ആണ് വാട്‌സാപ്പിലൂടെ വിൽപനയ്ക്ക് വച്ചത്.
സംഭവത്തിൽ ശോഭ, ആൺസുഹൃത്ത് തുളസീകുമാർ എന്നിവർ അറസ്റ്റിലായി. ആദ്യമായി ആർത്തവമുണ്ടായ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ മാനസിക രോഗം മാറുമെന്ന് പ്രചാരണം നടത്തിയായിരുന്നു വിൽപന.
വിൽപന ശ്രമം സന്നദ്ധസംഘടനകളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികൾ കുടുങ്ങിയത്. ‘ഓടനാടി സേവാ സംഘ്’ എന്ന സംഘടന വിവരം അറിഞ്ഞയുടനെ പൊലീസിനെ അറിയിക്കുകയായിരുന്നു. വിൽപനയ്ക്ക് പിന്നിൽ വലിയൊരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിൽപന സംഘം പെൺകുട്ടിയുടെ ദൃശ്യങ്ങളും വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചിരുന്നു. ലൈംഗികബന്ധം പുലർത്തിയാൽ മാനസിക രോഗം മാറുമെന്ന് പറഞ്ഞ് രോഗബാധിതരായ ചിലരുടെ മാതാപിതാക്കളെ പ്രതികൾ ബന്ധപ്പെടാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. പരസ്യം കണ്ട ‘ഓടനാടി സേവാ സംഘ്’ പ്രവർത്തകർ ശോഭയുമായി ബന്ധപ്പെട്ടു.
കുട്ടിയെ മൈസൂരുവിൽ എത്തിക്കാനും ആവശ്യപ്പെട്ടു. ധാരണപ്രകാരം ശോഭയും തുളസീകുമാറും കുട്ടിയുമായി എത്തി. ഇക്കാര്യം സംഘടനാപ്രവർത്തകർ പൊലീസിനെ അറിയിച്ചിരുന്നു. കുട്ടിയെ കണ്ടശേഷം പൊലീസ് എത്താനായി ഇവർ കാത്തിരുന്നു.
20 ലക്ഷം രൂപയ്ക്കായിരുന്നു കുട്ടിയെ വിൽപനയ്ക്ക് വച്ചത്. വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സംഘടനാപ്രവർത്തകർ പ്രതികളെ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.