
കോട്ടയം: ഹരിത കർമ്മസേനയിലെ സ്ത്രീകളെ പച്ചത്തെറി വിളിച്ച കോട്ടയം എസ് എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറിക്കടയുടമക്കെതിരായ പരാതി അട്ടിമറിക്കാനുള്ള ശ്രമം നടന്നത് പുറത്തുകൊണ്ടുവന്ന തേർഡ് ഐ ന്യൂസിനേയും, പച്ചക്കറി കടയ്ക്ക് മുന്നിൽ സമരം ചെയ്ത ഹരിത കർമ്മ സേന അംഗങ്ങളെയും സമരത്തിന് നേതൃത്വം കൊടുത്ത സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താൻ വ്യാജ ഓഡിയോ നിർമ്മിച്ച് പ്രചരിപ്പച്ച സംഭവത്തിൽ തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചു.
വിഷ്ണു എന്ന് പേര് പറഞ്ഞ് പരിചയപ്പെടുത്തുന്നയാൾ കട ഉടമയെ വിളിച്ച് സംസാരിക്കുന്നതും, 5 ലക്ഷം രൂപ നൽകിയാൽ പ്രശ്നം ഒത്തുതീർപ്പാക്കാമെന്നും, അഞ്ച് ലക്ഷത്തിൽ ഒരു ലക്ഷം രൂപ ഹരിതകർമ്മസേനയ്ക്കും 2 ലക്ഷം രൂപ തേർഡ് ഐക്കും , 2 ലക്ഷം രൂപ പാർട്ടിക്കും നൽകിയാൽ പ്രശ്നം തീർത്തു തരാം എന്നാണ് വിഷ്ണു എന്നയാൾ കടയുടമയോട് സംസാരിക്കുന്നത്
എന്നാൽ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും കടയുടമയെ വിളിച്ച് പണം ചോദിച്ച വിഷ്ണു എന്ന ആളിനെതിരെ പരാതി കൊടുക്കാനോ, വിഷ്ണുവിൻ്റെ ഫോൺ നമ്പർ പോലീസിന് കൈമാറാനോ കടയുടമ നിസാർ തയ്യാറായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്ന് തേർഡ് ഐ ന്യൂസിനേ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ഓഡിയോ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ മാനേജ്മെൻറ് പോലീസിൽ പരാതി നൽകിയിരുന്നു.
സിപിഎമ്മും, തേർഡ് ഐ ന്യൂസും നൽകിയ പരാതിയിൻ മേൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും, ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ നിന്നും നിസാറിനെ വിളിച്ച് വിഷ്ണുവിൻ്റെ ഫോൺ നമ്പർ ചോദിച്ചെങ്കിലും നമ്പർ കൈമാറാൻ തയ്യാറല്ല എന്ന നിലപാടാണ് പച്ചക്കറി കടയുടമ നിസാർ സ്വീകരിച്ചത്.
ഇതോടെ വ്യാജ ഓഡിയോയ്ക്ക് പിന്നിൽ ക്രിമിനൽ ഗൂഡാലോചനയാണെന്ന് വ്യക്തമായി. ഇതേ തുടർന്നാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തേർഡ് ന്യൂസ് ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന പോലീസ് മേധാവി, കോട്ടയം ജില്ലാ പോലീസ് മേധാവി, വെസ്റ്റ് എസ്എച്ച്ഒ, ഗാന്ധിനഗർ എസ്എച്ച്ഒ, സൈബർ സെൽ എസ്എച്ച്ഒ , പച്ചക്കറി കടയുടമ നിസാർ, നാഗമ്പടം സ്വദേശി അനുപ്രസാദ് എന്നിവരാണ് എതിർകക്ഷികൾ.
വ്യാജ വാർത്തയും ഓഡിയോയും ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യുന്നവരും ഗ്രൂപ്പ് അഡ്മിൻമാരും നിയമ നടപടി നേരിടേണ്ടി വരുമെന്ന് തേർഡ് ഐ ന്യൂസ് മാനേജ്മെൻറ് അറിയിച്ചു.